by webdesk1 on | 24-11-2024 08:24:37
കല്‍പ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്ക്കുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ ഇടത് ക്യാമ്പില്‍ പൊട്ടിത്തെറി. ഇത്ര ദയനീയമായ തോല്‍വിയില്‍ കടുത്ത അതൃപ്തിയിലാണ് വയനാട്ടിലെ സിപിഐ നേതൃത്വം. പ്രചാരണ റാലികളില്‍ സി.പി.എം നേതാക്കളുടെ സാന്നിധ്യം കുറവായിരുന്നു. പ്രചാരണത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും വലിയ പാളിച്ചയുണ്ടായെന്നും സി.പി.ഐ വിലയിരുത്തുന്നു.
പതിനായിരം പേരെങ്കിലും പങ്കെടുക്കേണ്ട മുഖ്യമന്ത്രിയുടെ റാലിയില്‍ പോലും പങ്കെടുത്തത് പകുതിയില്‍ താഴെ ആളുകളാണ്. സി.പി.എം നേതാക്കളും കാര്യമായി പ്രചാരണത്തിന് എത്തിയില്ല. ഗൃഹസമ്പര്‍ക്കവും പോളിംഗ് ദിനത്തിലെ ഏകോപനവും മോശമായിരുന്നു. സ്ഥാനാര്‍ഥിയുടെ സ്വീകരണ പരിപാടിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണവും നിറംമങ്ങിയതായി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ കാര്യമായ പാളിച്ചകള്‍ സംഭവിച്ചതായും സി.പി.ഐ വിലയിരുത്തുന്നു.
അതേസമയം, താരപ്രചാരകര്‍ ഇല്ലാതിരുന്നിട്ടും ആത്മസംതൃപ്തി നല്‍കുന്ന മത്സരഫലത്തോടെയാണ് ബി.ജെ.പി സ്ഥാനാര്‍ഥി നവ്യ ഹരിദാസ് വയനാട് ചുരം ഇറങ്ങുന്നത്. കഴിഞ്ഞ തവണ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിച്ച സ്ഥലത്താണ് വയനാട്ടുകാര്‍ക്ക് തീര്‍ത്തും അപരിചിതയായ നവ്യ ഹരിദാസ് അപ്രതീക്ഷിതമായി ചുരം കയറി എത്തിയത്.
നവ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചതിലൂടെ മത്സരരംഗത്തു നിന്നും എന്‍.ഡി.എ പിന്‍വലിഞ്ഞുവെന്ന തോന്നല്‍ അണികള്‍ക്കിടയില്‍ പോലും ഉണ്ടായി. എന്നാല്‍ പ്രചാരണം തുടങ്ങി ആദ്യഘട്ടത്തില്‍ തന്നെ വയനാട്ടുകാര്‍ക്കിടയിലേക്കിറങ്ങാന്‍ നവ്യയ്ക്കായി. വയനാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒപ്പം നിന്നതോടെ പ്രചാരണത്തില്‍ ബഹുദൂരം മുന്നോട്ടു പോകാനുമായി.
മണ്ഡലം രൂപീകരിച്ച 2009ല്‍ കേവലം മുപ്പതിനായിരത്തില്‍പരം വോട്ടുകള്‍ മാത്രം ലഭിച്ച ബി.ജെ.പിയാണ് ഇപ്പോള്‍ ഒരു ലക്ഷത്തിലധികം വോട്ടുമായി തിളങ്ങുന്നത്. കെ.സുരേന്ദ്രനുമായി താരതമ്യം ചെയ്യുമ്പോള്‍ നവ്യ ഹരിദാസ് എല്ലാംകൊണ്ടും പുതുമുഖമാണ്. എന്നിട്ടും 1.1 ലക്ഷത്തോളം വോട്ട് നേടാനായത് വന്‍ നേട്ടമാണ്.
സുരേഷ് ഗോപി മാത്രമാണ് താരപ്രചാരകനായി വയനാട്ടില്‍ എത്തിയത്. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന തിരഞ്ഞെടുപ്പായിട്ട് പോലും ദേശീയ നേതാക്കന്‍മാരും പ്രചാരണത്തിനെത്തിയില്ല. വയനാട്ടിലെ പ്രവര്‍ത്തകര്‍ തന്നെയാണ് പ്രചാരണം നയിച്ചത്. കഴിഞ്ഞ തവണ കെ.സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ ദേശീയ നേതാക്കളുടെ ഒഴുക്കായിരുന്നു വയനാട്ടിലേക്ക്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വയനാട്ടിലെത്തി. സുരേന്ദ്രനു വേണ്ടി മുക്കിലും മൂലയിലും വരെ പ്രചാരണം നടത്തുകയും കൂറ്റന്‍ പോസ്റ്ററുകള്‍ ഉയര്‍ത്തുകയും ചെയ്തു.
അന്ന് 1,41,045 വോട്ടാണ് സുരേന്ദ്രന് നേടാനായത്. എന്നാല്‍ ഇതൊന്നുമില്ലാതിരുന്നിട്ടും നവ്യ ഹരിദാസ് 1.1 ലക്ഷത്തോളം വോട്ടുകള്‍ നേടിയത് സാധാരണ പ്രവര്‍ത്തകരുടെ അധ്വാനം കൊണ്ട് മാത്രമാണ്. ഇത്തവണ ക്രിസ്ത്യന്‍ വോട്ടുകള്‍ നല്ല രീതിയില്‍ സ്വരുക്കൂട്ടാന്‍ ബിജെപിക്കായി എന്നാണ് നിരീക്ഷകരുടെ അനുമാനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മുനമ്പം പ്രശ്‌നം ഉയര്‍ന്നുവന്നത് എന്‍ഡിഎയുടെ പ്രധാന പ്രചാരണ ആയുധമായിരുന്നു. വൈദികരേയും സന്യസ്തരേയും സന്ദര്‍ശിച്ചപ്പോഴെല്ലാം നവ്യ ഹരിദാസ് ഈ വിഷയം അവതരിപ്പിക്കുകയും പാര്‍ലമെന്റില്‍ പ്രശ്‌നം ഉന്നയിക്കുമെന്നും പറഞ്ഞു.
എന്തായാലും നവ്യ ഹരിദാസിനു തലയുയര്‍ത്തിപ്പിടിച്ച് ചുരമിറങ്ങാം. പ്രിയങ്ക ഗാന്ധിയുടെ ഉജ്വല വിജയത്തിനായി കോണ്‍ഗ്രസ് സര്‍വ സന്നാഹങ്ങളുമായി പ്രവര്‍ത്തിച്ചപ്പോള്‍ ഇതൊന്നുമില്ലാതെയാണ് നവ്യ പോരാടിയത്. 9 വര്‍ഷം കോഴിക്കോട് കോര്‍പറേഷനില്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചതിന്റെ അനുഭവം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നവ്യയ്ക്ക് മുതല്‍ക്കൂട്ടായി.