by webdesk1 on | 25-10-2024 04:10:12
പാലക്കാട്: പാലക്കാട്ടെ പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറിയില്‍ നിലതെറ്റി നില്‍ക്കുകയാണ് സി.പി.എം നേതാക്കള്‍. പ്രാദേശിക നേതാവായ അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടതില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസ്
മാറിനില്‍ക്കാന്‍ ആക്രോശിച്ചത് സാമൂഹ്യ മാധ്യമങ്ങളിലടക്കം പാര്‍ട്ടിക്കും നേതൃത്വത്തിനുമെതിരെ വലിയ വിമര്‍ശനവും പരിഹാസവുമാണ് ഉന്നയിക്കുന്നത്.
പാലക്കാട് സി.പി.എമ്മിലെ പൊട്ടിത്തെറി സംബന്ധിച്ച ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ച കൃഷ്ണദാസ് നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയന്നും ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാമെന്നും പറഞ്ഞ് മാധ്യമങ്ങളോട് കടന്നുപോകാന്‍ ആക്രോശിക്കുകയായിരുന്നു.
നിങ്ങള്‍ കഴുകന്‍മാരെ പോലെ നടക്കുകയല്ലെ. എല്ലാവരോടും സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കരുതെന്നും കോലുംകൊണ്ട് എന്റെ മുന്നിലേക്ക് വരണ്ടെന്നും കൃഷ്ണദാസ് രോഷത്തോടെ പറഞ്ഞു.
പാര്‍ട്ടി വിട്ട ഷുക്കൂറിനെ അനുനയിപ്പിക്കാന്‍ നേരത്തെ കൃഷ്ണദാസ് വീട്ടിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മാധ്യമങ്ങള്‍ പ്രതികരണം തേടിയത്. മാറ്, മാറ്, മാറ് എന്ന പലതവണ പറഞ്ഞശേഷം മാറാന്‍ പറഞ്ഞാല്‍ മാറിക്കോളണമെന്ന് പറഞ്ഞുകൊണ്ടാണ് കൃഷ്ണദാസ് മാധ്യമങ്ങളെ കടന്ന് പോയത്.
മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനും ഇത്തരത്തില്‍ മാധ്യമങ്ങളോട് മാറിനില്‍ക്കങ്ങോട്ട് എന്ന് ആക്രോശിച്ചിരുന്നു. ഇത് മുഖ്യമന്ത്രിയുടെ ധാഷ്ട്യമായും ജനാധിപത്യ സംവിധാനങ്ങളോടുള്ള അവഹേളനമായുമൊക്കെയാണ് വ്യാഖ്യാനിക്കപ്പെട്ടത്.