News International

കാനഡയില്‍ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു: പി.ആര്‍ ലക്ഷ്യമിടുന്നവര്‍ക്ക് കാനഡയിലെ ജീവിതം ഇനി സ്വപ്നം; വിദ്യാര്‍ഥികള്‍ക്കും തിരിച്ചടി

Axenews | കാനഡയില്‍ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു: പി.ആര്‍ ലക്ഷ്യമിടുന്നവര്‍ക്ക് കാനഡയിലെ ജീവിതം ഇനി സ്വപ്നം; വിദ്യാര്‍ഥികള്‍ക്കും തിരിച്ചടി

by webdesk1 on | 25-10-2024 04:41:51

Share: Share on WhatsApp Visits: 44


കാനഡയില്‍ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു: പി.ആര്‍ ലക്ഷ്യമിടുന്നവര്‍ക്ക് കാനഡയിലെ ജീവിതം ഇനി സ്വപ്നം; വിദ്യാര്‍ഥികള്‍ക്കും തിരിച്ചടി

 
ഒട്ടാവ: ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ ഇഷ്ട വിദേശ രാജ്യമായ കാനഡയില്‍ പൗരത്വം നേടി ജീവിതം സെറ്റിലാക്കാമെന്ന മോഹത്തിന് തിരിച്ചടി. അടുത്ത രണ്ട് വര്‍ഷത്തില്‍ രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നത് നിയന്ത്രിക്കാനാണ് ഈ തീരുമാനമെന്നാണ് ട്രൂഡോയുടെ വിശദീകരണം.

2024ല്‍ 4,85,000 ആയിരുന്ന പെര്‍മെനന്റ് റെസിഡെന്‍ഷ്യന്‍ഷിപ്പ് വരും വര്‍ഷങ്ങളിലായി പതിയെ കുറച്ചുകൊണ്ടുവരാനാണ് കാനഡയുടെ നീക്കം. 2025ല്‍ 3,95,000 ആയും, 2026ല്‍ 3,80,000 ആയും, 2027ല്‍ 3,65,000 ആയും കുറച്ചേക്കും. ടെമ്പററി റെസിഡന്റ്‌സിന്റെ എണ്ണവും ഒറ്റയടിക്ക് 30,000ത്തോളമായി കുറയ്ക്കാന്‍ കാനഡ തീരുമാനിച്ചിട്ടുണ്ട്. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഈ നീക്കം അനിവാര്യമാണെന്നും എല്ലാ കനേഡിയന്‍ ജനതയ്ക്കും കൃത്യമായ അവസരങ്ങള്‍ ഉറപ്പാക്കാന്‍ ഇത് അത്യാവശ്യമാണെന്നും ട്രൂഡോ പറഞ്ഞു.

ഇവയ്ക്കു പുറമെ, മികച്ച വിദ്യാഭ്യാസവും ലൈഫ്സ്റ്റൈലും സ്വപ്നം കണ്ടുവരുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പാകെയും കാനഡ പതിയെ വാതിലടയ്ക്കുകയാണ്. മുന്‍ വര്‍ഷത്തേക്കാളും 35 ശതമാനം കുറവ് സ്റ്റുഡന്റ് പെര്‍മിറ്റുകള്‍ നല്‍കിയാല്‍ മതിയെന്നാണ് ട്രൂഡോയുടെ തീരുമാനം. കൂടാതെ വരും വര്‍ഷങ്ങളില്‍ പത്ത് ശതമാനം വീതം എണ്ണം കുറയ്ക്കാനും തീരുമാനമായി. തുറന്ന കുടിയേറ്റ നയം മൂലം രാജ്യത്ത് വിലക്കയറ്റവും മറ്റ് പ്രശ്‌നങ്ങളും വര്‍ധിച്ചുവരുന്നുവെന്ന കനേഡിയന്‍ ജനതയുടെ പരാതികളിന്മേലുളള നടപടിയാണ് ട്രൂഡോ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കാനഡ സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കുകയാണെന്ന് മാസങ്ങള്‍ക്ക് മുന്‍പേ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിര്‍ത്തികളില്‍ കൃത്യമായ രേഖകള്‍ ഉള്ളവരെപ്പോലും രാജ്യത്തേക്ക് കടത്തിവിടുന്നില്ല. വിസകള്‍ കൂട്ടമായി റദ്ദ് ചെയ്യാനുള്ള നടപടികളുമായും സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നു.

ജൂലൈയില്‍ മാത്രം 5000ത്തിലധികം പേരുടെ വിസകളാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇവരില്‍ വിദ്യാര്‍ത്ഥികള്‍, ജോലി തേടിയെത്തിയവര്‍, ടൂറിസ്റ്റുകള്‍ എന്നിവരും ഉള്‍പ്പെടും. ഈ വര്‍ഷം ആദ്യം മുതല്‍ക്കേ ട്രൂഡോ സര്‍ക്കാര്‍ സ്വീകരിച്ചുപോന്നിരുന്ന നയം മൂലം ഒരു മാസം ശരാശരി 3500-ാളം ആളുകള്‍ക്ക് കാനഡ എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടിവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ എണ്ണം ഇനി കൂടുമെന്നതാണ് ഈ നീക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മനസിലാക്കാനാകുക.


Share:

Search

Popular News
Top Trending

Leave a Comment