by webdesk1 on | 25-10-2024 09:42:03
നുസന്താര: ഐ ഫോണ്‍ ഉപയോക്താവാണ് എന്ന് പറയുന്നത് തന്നെ ഒരു സ്റ്റാറ്റസായി കാണുന്നവരാണ് എല്ലാവരും. പുതിയ മോഡലുകള്‍ വിപണിയിലെത്തുമ്പോള്‍ അത് സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരമില്ല. എന്നാല്‍ പലര്‍ക്കും ഐ ഫോണ്‍ സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടാകണമെന്നില്ല. അങ്ങനെ ഇല്ലാത്തവര്‍ പോലും പണം സ്വരുക്കൂട്ടി വച്ചും ലോണ്‍ എടുത്തുമൊക്കെ ഐ ഫോണ്‍ സ്വന്തമാക്കി അത് വലിയ അഭിമാനമായി മറ്റുള്ളവരെ കാണിച്ച് നടക്കാറുണ്ട്. എന്നാല്‍ ഏഷ്യന്‍ രാജ്യമായ ഇന്‍ഡോനേഷ്യയില്‍ ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 16 ന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു എന്നത് ഐ ഫോണ്‍ ആരാധകര്‍ക്ക് നിരാശ ഉണ്ടാക്കിയിരിക്കുകയാണ്.
ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്മന്റ് ഐഡന്റിറ്റി (ഐ.എം.ഇ.ഐ) സര്‍ട്ടിഫിക്കേഷന്‍ കിട്ടിയിട്ടില്ല എന്ന കാരണത്താലാണ് ഐ ഫോണ്‍ 16 സീരീസ് വില്‍ക്കുന്നതും ഉപയോഗിക്കുന്നതും ഇന്‍ഡോനീഷ്യന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഐ.എം.ഇ.ഐ സര്‍ട്ടിഫിക്കേഷനുള്ള ഫോണുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതിയുള്ളൂ. വിദേശത്തുനിന്നും ഐ ഫോണ്‍ 16 ഇന്‍ഡോനീഷ്യയിലേക്ക് കൊണ്ടുവരാനും അനുവാദമില്ല.
ടി.കെ.ഡി.എന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടാത്തതും ഐഫോണ്‍ 16 ന് ഇവിടെ തിരിച്ചടിയായി. ഇന്‍ഡോനീഷ്യയില്‍ വില്‍ക്കുന്ന ഉപകരണങ്ങളുടെ 40 ശതമാനം ഘടകഭാഗങ്ങള്‍ പ്രാദേശികമായി നിര്‍മിച്ചതായിരിക്കണം എന്നു നിബന്ധന ചെയ്യുന്നതാണ് ടി.കെ.ഡി.എന്‍. ഇതു പാലിക്കുന്ന കമ്പനികള്‍ക്കാണ് ടികെ.ഡി.എന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.
രാജ്യത്ത് ആപ്പിള്‍ വാഗ്ദാനം ചെയ്ത നിക്ഷേപം നടത്താത്തും ഇന്‍ഡോനീഷ്യന്‍ സര്‍ക്കാരിനെ ചൊടിപ്പിക്കാനുള്ള മറ്റൊരു കാരണമാണ്. ഐഫോണ്‍ 16 ഇന്‍ഡോനീഷ്യയില്‍ ആരെങ്കിലും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അങ്ങനെ കണ്ടാല്‍ അധികാരികളെ അറിയിക്കണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.