by webdesk1 on | 25-10-2024 10:38:51
കൊച്ചി: സ്വന്തം തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബംഗളുരു കേരളത്തിന്റെ കൊമ്പൊടിച്ചത്. മത്സരത്തിലുടനീള മികച്ച നിലയില്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് അവസാന നിമിഷങ്ങളില്‍ ബംഗളൂരുവിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. സീസണില്‍ രണ്ടാം തോല്‍വി വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ആറാമതാണ്. ജയത്തോടെ ബംഗളൂര് ഒന്നാം സ്ഥാനം നിലനിര്‍ത്തി.
മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന അര്‍ജന്റീനക്കാരന്‍ ഹോര്‍ഹ പെരേര ഡയസിലൂടെ ബംഗളുരു മുന്നിലെത്തി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് ചുക്കാന്‍ പിടിച്ച പ്രീതം കോട്ടാലിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. ബ്ലാസ്റ്റേഴ്‌സ് കീപ്പര്‍ സോംകുമാല്‍ നല്‍കിയ പന്ത് അപകടം മനസിലാക്കി ക്ലിയര്‍ ചെയ്യാതെ വെച്ചു താമസിപ്പിച്ചതിന് നല്‍കിയ വില കൂടിയായിരുന്നു ആ ഗോള്‍.
ഗോള്‍ വീണതോടെ ബ്ലാസ്റ്റേഴ്‌സിന്റെ സര്‍വ്വതും മറന്നുള്ള ആക്രമണങ്ങളാണ് പിന്നീട് കണ്ടത്. ആദ്യപകുതിയില്‍ സിംഹഭാഗവും പന്ത് കൈവശം വെച്ചത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ വീണ ഗോള്‍ മടക്കിയ ബ്ലാസ്റ്റേഴ്സ് എണ്ണം പറഞ്ഞ അവസരങ്ങളാണ് ബംഗളുരു ഗോള്‍ പോസ്റ്റിന് മുമ്പില്‍ സൃഷ്ടിച്ചെടുത്തത്.
ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ജീസസ് ജിമെനെസിന്റെ പെനാല്‍റ്റി ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി. പന്തുമായി ബെംഗളൂരു ബോക്‌സിലേക്ക് കയറിയ ക്വാമി പെപ്രയെ രാഹുല്‍ ഭേകെ പിന്നില്‍ നിന്ന് വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. സ്‌കോര്‍ 1-1
രണ്ടാം പകുതിയും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് തുടങ്ങിയത്്. ലീഡ് എടുക്കാന്‍ ഇരുടീമുകളും നടത്തിയ ശ്രമങ്ങള്‍ക്കിടയില്‍ ഫൗളുകളും കണ്ടു. 74-ാം മിനിറ്റില്‍ ബംഗളൂരു ലീഡ് എടുത്തു. ബ്ലാസ്റ്റേഴ്സിന്‍രെ പിഴവില്‍ നിന്നാണ് ഈഗോളും പിറന്നത്. അപകടകരമല്ലാത്ത ഒരു ഫ്രീകിക്ക് കൈപ്പിടിയിലാക്കുന്നതില്‍ ബ്ലാസ്റ്റേഴ്സ് ഗോളി സോം കുമാര്‍ പരാജയപ്പെട്ടു. ബോക്സില്‍ വീണ പന്ത് ബംഗളൂരു പകരക്കാരന്‍ അന്റോണിയോ മെന്‍ഡസ് വലയിലേയ്ക്ക് തൊട്ടുവിട്ടു.
പിന്നീട് രണ്ട് അവസരങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും ഗോളാക്കാന്‍ സാധിച്ചില്ല. കളിതീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ അന്റോണിയോ മെന്‍ഡസിലൂടെ ബംഗളൂരു മൂന്നാമത്തെ ഗോള്‍ നേടി. ആരാധകരെ നിരാശരാക്കി വീണ്ടും പരാജയമേറ്റുവാങ്ങി ബ്ലാസ്റ്റേഴ്സിന്റെ മടക്കം. ഇനി നവംബര്‍ മൂന്നിന് മുംബൈ സിറ്റി എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെഅടുത്തമത്സരം.