by webdesk1 on | 26-10-2024 06:31:24
കോഴിക്കോട്: തൃശൂര്‍ പൂരത്തിന്റെ അവിഭാജ്യ ഘടകമായ വെടിക്കെട്ടിനെ ഇകഴ്ത്തി കാട്ടുന്ന നിലയില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെ എതിര്‍പ്പ് വ്യാപകം. വെടിക്കെട്ട് അല്പം വൈകിയതാണോ പൂരം കലക്കല്‍ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
കോഴിക്കോട് നടന്ന ചടങ്ങില്‍ പ്രസംഗിക്കവേ തൃശൂര്‍ പൂരം കലങ്ങിയോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വിഷയം എടുത്തിട്ടത്. `തൃശൂര്‍ പൂരത്തില്‍ ആചാരപരമായ എന്തെങ്കിലും കാര്യം നടക്കാതെ പോയോ?. ആകെ സംഭവിച്ചത് വെടിക്കെട്ട് ഇത്തിരി വൈകിയതാണ്. അതാണോ പൂരം കലങ്ങല്‍?`. ആര്‍എസ്എസിനെക്കാള്‍ ഇത്തരം പ്രചാരങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് മുസ്‌ലിം ലീഗ് ആണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഒരു പോലീസുകാരന്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടു എന്നാണു പറയുന്നത്. ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ കേരള അമീറിന്റെ തോളത്തു കൈയിട്ടുകൊണ്ടല്ലേ ലീഗ് ഇതു പറയുന്നത്. തൃശൂര്‍ പൂരം കലക്കിയെന്നാണു സംഘപരിവാറും ലീഗും ഒരുപോലെ ആക്ഷേപിക്കുന്നത്.
പൂരം കലങ്ങിയോ? അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കല്‍? ലീഗിനെന്തിനാണ് ഇത്തരം കള്ളപ്രചാരണം നടത്താന്‍ സംഘപരിവാറിനേക്കാള്‍ ആവേശമെന്നും പിണറായി ചോദിച്ചു.