by webdesk1 on | 29-10-2024 08:44:08
പാരീസ്: ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള വിഖ്യാത ഫുട്ബാള്‍ പുരസ്കാരമായ ബാലന് ദ്യോറിന് പുതുപുത്തന്‍ അവകാശി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രിയാണ് പുരസ്കാരത്തിനര്‍ഹനായത്. റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറെ പിന്തള്ളിയാണ് 2024ലെ ബാലണ്‍ ദ്യോര്‍ പുരസ്കാരം റോഡ്രി സ്വന്തമാക്കിയത്.
തുടര്‍ച്ചയായ രണ്ടാം തവണയും സ്പാനിഷ് താരം എയ്റ്റാന ബോണ്മാറ്റിയ്ക്കാണ് മികച്ച വനിതാ ഫുട്ബാള്‍ താരത്തിനുള്ള ബാലണ്‍ ദ്യോര്‍ പുരസ്കാരം. ബാഴസലോണയുടെ സ്പാനിഷ് താരം ലിമിന് യമാലിനാണ് മികച്ച യുവ താരത്തിനുള്ള റെയ്മണ്ട് കോപ്പ പുരസ്കാരം. ഫ്രഞ്ച് മാസികയായ ഫ്രാന്‍സ് ഫുട്ബാളാണ് പുരസ്കാരം നല്‍കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ പാരീസില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ്കാരം പ്രഖ്യാപിച്ചത്.
കഴിഞ്ഞ സീസണില്‍ രാജ്യത്തിനുവേണ്ടിയും ക്ളബിനു വേണ്ടിയും കളിച്ച മത്സരങ്ങളില്‍ വെറും ഒരു കളിയില്‍ മാത്രമാണ് ഈ 28 കാരന് പരാജയമറിഞ്ഞത്. സ്പെയില്‍ 2024ലെ യൂറോക്കപ്പ് നേടിയ ടീമിലും റോഡ്രിയുണ്ടായിരുന്നു. പ്രീമിയര്‍ ലീഗ് കപ്പും യുവേഫ സൂപ്പര്‍ കപ്പും, ക്ളബ് വേള്‍ഡ് കപ്പും നേടിയ മാഞ്ചസ്റ്റര്‍ സിറ്റി ടീമിന്റെ പ്രധാന സാന്നിദ്യമായിരുന്നു റോഡ്രി.
ക്ളബിനും രാജ്യത്തിനും വേണ്ടിയുള്ള മികച്ച പ്രകടനമാണ് റോഡ്രിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. പുരസ്കാരം നിര്‍ണയിക്കുന്ന കാലയളവില്‍ 12 ഗോളുകളും 15 ഗോള്‍ അസിസ്റ്റുകളുമാണ് റോഡ്രിയുടെ പേരിലുണ്ടായിരുന്നത്.
2003ന് ശേഷം ആദ്യമായാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയോ അര്‍ജന്റീനയുടെ ലയണല്‍ മെസിയുടെയോ പേരില്ലാതെ ബാലണ്‍ ദ്യോര്‍ പുരസ്കാരത്തിന്റെ അന്തിമ പട്ടിക വരുന്നത്. ക്രിസ്റ്റ്യാനോ 5 തവണയും മെസി 8 തവണയുമാണ് ബാലണ്‍ ദ്യോര്‍ പുരസ്കാരം സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡാണ് ഈവര്‍ഷത്തെ മികച്ച ക്ളബിനുള്ള പുരസ്കാരത്തിന് അര്‍ഹമായത്.