by webdesk1 on | 08-11-2024 07:52:54 Last Updated by webdesk1
തൊടുപുഴ: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മാറിയേക്കും. അടുത്തമാസത്തോടെ ആരംഭിക്കുന്ന ബി.ജെ.പി സംഘടനാ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തിലും സംസ്ഥാനതലങ്ങളിലും സമ്പൂര്‍ണനേതൃമാറ്റം ഉണ്ടായേക്കുമെന്നാണ് സൂചന. കേരളമുള്‍പ്പെടെ രാജ്യത്തെ മിക്കസംസ്ഥാനങ്ങളിലെയും സംസ്ഥാന അധ്യക്ഷന്മാര്‍ മാറും. ദേശീയഅധ്യക്ഷന്‍ ജെ.പി. നഡ്ഡയും ഒഴിയും.
ആര്‍.എസ്.എസ്. ദേശീയതലത്തില്‍ത്തന്നെ സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമായാണ് സമ്പൂര്‍ണമാറ്റം. മൂന്നുതവണ തുടര്‍ച്ചയായി ഭരണത്തിലെത്തിയതോടെ പലസ്ഥലങ്ങളിലും സംഘടനാസംവിധാനം ദുര്‍ബലമായതായി ആര്‍.എസ്.എസ്. വിലയിരുത്തുന്നു. തങ്ങളുടെ ആശയപദ്ധതിയോട് പൂര്‍ണമായി അടുത്തുനില്‍ക്കുന്നവരെയും പടലപ്പിണക്കംകൂടാതെ സംഘടനയെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നവരെയും അവരോധിക്കാനാണ് ആര്‍.എസ്.എസ്. ഒരുങ്ങുന്നത്.
ഈയടുത്ത് അധ്യക്ഷരെ നിയോഗിച്ച സംസ്ഥാനങ്ങളിലൊഴികെ മറ്റിടങ്ങളില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പുതിയ അധ്യക്ഷന്മാര്‍ നിയമിതരാകുമെന്നാണ് അറിയുന്നത്.
ഒരു എം.എല്‍.എ.പോലുമില്ലാത്ത കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ഥിതി വ്യത്യസ്തമാണ്. 2020-ന്റെ തുടക്കത്തില്‍ കെ. സുരേന്ദ്രന്‍ അധ്യക്ഷനായ സമയത്തെ ഗ്രൂപ്പ് സമവാക്യങ്ങളല്ല സംസ്ഥാന ബി.ജെ.പിയില്‍ ഇപ്പോള്‍. അന്ന് രണ്ടു പ്രമുഖപക്ഷങ്ങളായാണ് ചേരിതിരിവ് നിലനിന്നിരുന്നത്. ഇപ്പോള്‍ ചുരുങ്ങിയത് നാലു ഗ്രൂപ്പുകളെങ്കിലുമുണ്ട്.
സംസ്ഥാന അധ്യക്ഷന്റെ അനുകൂലികള്‍ ഏകപക്ഷീയമായി പാര്‍ട്ടി കൈയടക്കിതെന്ന പരാതിയാണ് മറ്റുഗ്രൂപ്പുകള്‍ക്കെല്ലാം. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പ്രമുഖനേതാക്കളെ ചുമതലകള്‍നല്‍കാതെ അകറ്റിനിര്‍ത്തുകയാണെന്ന പരിഭവവും ഇവര്‍ക്കുണ്ട്.
ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് കേന്ദ്രമന്ത്രിമാരായ ശിവരാജ്‌സിങ് ചൗഹാന്‍, ഭൂപേന്ദര്‍ യാദവ്, പ്രതിരോധമന്ത്രിയും മുന്‍ പാര്‍ട്ടി അധ്യക്ഷനുമായ രാജ്‌നാഥ് സിങ് എന്നിവരുടെ പേരുകള്‍ ആര്‍.എസ്.എസ്. മുന്നോട്ടുവെച്ചേക്കും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായംകൂടി കണക്കിലെടുത്തേ തീരുമാനമുണ്ടാകൂ.