by webdesk1 on | 14-11-2024 08:50:00 Last Updated by webdesk1
കൊച്ചി: വയനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രചരണങ്ങളും പോളിംഗ് കുറഞ്ഞതുമൊക്കെ വാര്‍ത്തകളായി മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ വയനാട്ടിലെ മുണ്ടകൈയില്‍ വറ്റാത്ത കണ്ണൂരുമായി കഴിയുന്നവരുടെ വേദനകളും കാത്തിരിപ്പും ആരാലും ശ്രദ്ധിക്കപ്പെടാത്ത വാര്‍ത്തകളായി അവശേഷിക്കുകയാണ്. കുത്തൊലിച്ചുവന്ന ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടതും കാണാതായതുമായവരുടെ ബന്ധുക്കളുടെ കണ്ണീര് ഇന്നും തോര്‍ന്നിട്ടില്ല. അന്ന് കാണാതായതായ 47 പേര്‍ക്കായുള്ള കാത്തിരിപ്പ് തുടരുകയാണ് അവരുടെ ബന്ധുക്കള്‍.
ജൂലായ് 30 നുണ്ടായ അപകടത്തില്‍ 254 പേര്‍ ആകെ മരിച്ചതായാണ് റവന്യു മന്ത്രി കെ.രാജന്‍ നിയമസഭയില്‍ നല്‍കിയ കണക്ക്. ഇതില്‍ 54 പേരെയാണ് കാണാതായത്. ദിവസങ്ങളോളം നടത്തിയ തിരച്ചിലില്‍ ഏഴ് പേരെ കണ്ടെത്തി. ശേഷിക്കുന്ന 47 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ആക്സ് ന്യൂസ് മലയാളത്തിനു വേണ്ടി വിവരാവകാശ പ്രവര്‍ത്തകന്‍ എസ്.ധനരാജിന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നിന്നും ലഭിച്ച വിവരാവാകാശ രേഖയില്‍ പറയുന്നു.
മരണപ്പെട്ടവരുടെ സാമ്പിളുകളും ബന്ധുക്കളുടെ സാമ്പിളികളും കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ അയച്ച് പരിശോധന നടത്തിയതില്‍ നിന്നാണ് ഏഴ് പേരെ തിരിച്ചറിയാന്‍ കഴിഞ്ഞത്. 33 കേസുകള്‍ ഇതു സംബന്ധിച്ച് വയനാട് പോലീസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരുന്നു. എന്നാല്‍ കാണാതായവര്‍ക്കായുള്ള തിരിച്ചില്‍ അവസാനിപ്പിച്ചതായാണ് മന്ത്രി കെ.രാജന്‍ നിയമസഭയെ അറിയിച്ചത്.
രക്ഷാപ്രവര്‍ത്തനത്തില്‍ 233 മൃതദേഹങ്ങളും 222 ശരീരഭാഗങ്ങളും കണ്ടെടുത്തതായാണ് സര്‍ക്കാരിന്റെ കണക്ക്. ഇതില്‍ 177 മൃതദേഹങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് ആദ്യം തന്നെ കൈമാറി. ഡി.എന്‍.എ പരിശോധനയ്ക്ക് ശേഷം 77 മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. അതേസമയം ഉരുള്‍പൊട്ടല്‍ ദുരിത മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കോടികള്‍ ചിലവഴിച്ചതായി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ 60 ലക്ഷം മാത്രം ചിലവഴിച്ചതിന്റെ കണക്കുകളാണ് മറ്റൊരു വിവാരാവകാശ രേഖ പ്രകാരംലഭിച്ചത്.