by webdesk1 on | 16-11-2024 07:50:54 Last Updated by webdesk1
പാലക്കാട്: ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് എത്തിയത് പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്ക് അനുകൂലമായി തീരുമെന്നത് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷമേ തെളിവാകുകയുള്ളു. എങ്കിലും കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്കിൽ ശരിക്കും വെട്ടിലായത് ബി.ജെ.പിയാണ്. തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ കോൺഗ്രസിനെ സംബന്ധിച്ച് വലിയൊരു നേട്ടമായി സന്ദീപിന്റെ ചുവടുമാറ്റത്തെ വിലയിരുത്താം.
അതുപോലെതന്നെ സി.പി.എമ്മിനും ഇത് ഗുണം ചെയ്യും. കാരണം കോൺഗ്രസ് വീട്ട് വന്ന സരിനെ സ്ഥാനാർഥിയാക്കിയത്തിന്റെ വിമർശനങ്ങളും ആക്ഷേപങ്ങളും ഒരു പരിധി വരെ പ്രതിരോധിക്കാൻ സി.പി.എമ്മിന് ഇത് ആയുധമായി ഉപയോഗിക്കാം.
ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് ബി.ജെ.പിയാണ്. സ്വന്തം പാളയത്തിൽ തന്നെ പട ആണെന്ന തോന്നൽ വോട്ടർമാരിൽ ഉണ്ടാക്കാൻ ഇത് കാരണമാകും. പാർട്ടിയിലെ ക്രൗഡ് പുള്ളർ എന്നറിയപ്പെടുന്ന ശോഭാ സുരേന്ദ്രന്റെ പരസ്യ പ്രതികരണങ്ങളുമൊക്കെ മണ്ഡലത്തിൽ ബി.ജെ.പി പരുങ്ങലിൽ നിൽക്കുമ്പോഴാണ് സന്ദീപിന്റെ അപ്രതീക്ഷിത നീക്കം.
ഇത്തവണ പാലക്കാട് എങ്ങനെയെങ്കിലും പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർ.എസ്.എസ് ഉൾപ്പെടെ പാലക്കാട് അടിത്തട്ട് വരെ ഇറങ്ങിയുള്ള പ്രവർത്തനം നടത്തിയത്. ഇതിനിടെ ബി.ജെ.പിയിലെ മിതവാദി എന്നറിയപ്പെടുന്ന സന്ദീപ് കോൺഗ്രസിലേക്ക് പോയത് ദേശീയ തലത്തിൽ പോലും ബി.ജെ.പിക്ക് തിരിച്ചടിയാകും.
സന്ദീപ് സി.പി.എമ്മിലേക്ക് എന്ന നിലയിൽ ചർച്ചകളും വാർത്തകളും സജീവക്കുന്നതിനിടെയാണ് പാലക്കാട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ വാർത്താ സമ്മേളനത്തിൽ സന്ദീപ് വാര്യർ പ്രത്യക്ഷപ്പെടുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പടെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
വേദിയിൽവെച്ച് കെ.സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ചു സ്വീകരിച്ചു. വെറുപ്പിൻ്റെ രാഷ്ട്രീയം ഉപേക്ഷിച്ച് സന്ദീപ് കോൺഗ്രസൻ്റെ സ്നേഹ തണലിലേക്ക് വന്നിരിക്കുകയാണെന്നു വി.ഡി. സതീശനും പറഞ്ഞു.
നേരത്തെ ബിജെപിയുമായി ഇടഞ്ഞ സന്ദീപ് പാർട്ടി വിടുമെന്ന് സൂചന ഉണ്ടായിരുന്നു. പാലക്കാട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സന്ദീപ് വാര്യർ സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാൽ സി. കൃഷ്ണകുമാറിന്റെ കൺവൻഷനിൽ സന്ദീപ് വാര്യർക്ക് ഇരിപ്പിടം കിട്ടിയിരുന്നില്ല. ഇതേത്തുടർന്നാണ് സന്ദീപ് അതൃപ്തിയിലായത്.