by webdesk1 on | 18-11-2024 01:10:45
പാലക്കാട്: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനും സന്ദീപ് വാര്യരും ഒരേ വേദിയില്‍. പാലക്കാട് ശ്രീകൃഷ്ണപുരം മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയുടെ പുതിയ കെട്ടടത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. പ്രസംഗത്തിനിടെ പരസ്പരം പ്രശംസകള്‍ ചൊരിഞ്ഞും പുകഴ്ത്തിയും പരിഭവമില്ലാതെ ഇരുവരും കൈകോര്‍ത്തു.
കടല്‍, ആന, മോഹന്‍ലാല്‍, കെ. മുരളീധരന്‍ ഈ നാല് പേരെയും എത്ര കണ്ടാലും മലയാളികള്‍ക്ക് മടുക്കില്ലെന്നാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ മുരളീധരനെ പ്രസംശിച്ച് പറഞ്ഞത്. കെ.മുരളീധരനെ കേരള രാഷ്ട്രീയത്തില്‍നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയില്ല. കരുണാകരന്‍ ശക്തനായ നേതാവാണ്. ഏത് കാര്യവും നടപ്പിലാക്കാന്‍ കഴിവുള്ള നേതാവായിരുന്നു അദ്ദേഹമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
കെ.മുരളീധരനെ മുരളിയേട്ടന്‍ എന്ന് അഭിസംബോധന ചെയിതുകൊണ്ടാണ് സന്ദീപ് വാര്യര്‍ പ്രസംഗം ആരംഭിച്ചത്. തീരുമാനങ്ങള്‍ എടുക്കാന്‍ കെല്‍പ്പുള്ള ആളായിരിക്കണം ഒരു രാഷ്ട്രീയ നേതാവ്. വരുംവരായ്കള്‍ ചിന്തിച്ചുകൊണ്ടിരുന്നാല്‍ ഒരിക്കലും തീരുമാനം എടുക്കാന്‍ സാധിക്കില്ല. തീരുമാനം എടുക്കാനുള്ള ശേഷിയാണ് ഒരു ഭരണകര്‍ത്താവിനെ മികച്ചവനാക്കുന്നത്. ഒരു നാടിനെ മുന്നോട്ട് നയിക്കുന്നത്. അങ്ങനെയാണ് കലൂരില്‍ അന്താരാഷ്ട്ര സ്റ്റേഡിയമുണ്ടായത്. കൊച്ചില്‍ അന്താരാഷ്ട്ര വിമാനത്താവളമുണ്ടായത്. അങ്ങനെയാണ് കേരളത്തില്‍ നിരവധി വ്യവസായ സ്ഥാപനങ്ങള്‍ കെട്ടിപ്പെടുക്കപ്പെട്ടതെന്നും സന്ദീപ് പറഞ്ഞു.
ഒരു മുഖ്യമന്ത്രി എങ്ങനെയാവണമെന്ന് കാണിച്ചുതന്ന നേതാവായിരുന്നു കെ.കരുണാകരന്‍. അദ്ദേഹത്തിന്റെ മകനാണ് കെ.മുരളീധരന്‍. നമ്മള്‍ സാധാരണ പറയും കടല്‍, ആന പിന്നെ മോഹന്‍ലാല്‍ എത്രകണ്ടാലും മടുക്കില്ല. പക്ഷേ നാലാമത് ഒന്നുകൂടിയുണ്ട്, കെ. മുകളീധരന്‍. അതുകൊണ്ട് കെ.മുരളീധരനെന്ന നാമം കേരള രാഷ്ട്രീയത്തില്‍നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
സന്ദീപ് വാര്യരെ കെ.മുരളീധരനും പ്രശംസിച്ചു. വേദിയിലേക്ക് സന്ദീപ് വാര്യരെ സ്വീകരിച്ചതും കെ.മുരളീധരനായിരുന്നു. അഭിപ്രായം ഉള്ളിടത്ത് അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒരു ജനാധിപത്യപാര്‍ട്ടിയാണ്. ആ ജനാധിപത്യപാര്‍ട്ടിയിലേക്ക് അദ്ദേഹം കടന്നുവന്നു. ഞങ്ങളെല്ലാം ഇപ്പോള്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തെ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് സന്ദീപ് വാര്യര്‍ വരുന്നതിനെ എതിര്‍ത്തിരുന്ന നേതാവാണ് കെ. മുരളീധരന്‍. എന്നാല്‍ സന്ദീപും മുരളീധരനും ഒരുമിച്ച് വേദി പങ്കിട്ട അപൂര്‍വ കാഴ്ചയാണ് പാലക്കാട് കണ്ടത്. മുരളീധരന് അടുത്ത് തന്നെയാണ് സന്ദീപ് വാര്യര്‍ക്കും ഇരിപ്പിടം നല്‍കിയത്. ഇരുവരും കുശലാന്വേഷണം നടത്തുന്നതും ചെവിയില്‍ സ്വകാര്യം പറയുന്നതും ക്യാമറകളില്‍ പതിഞ്ഞു.
സന്ദീപിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ തന്നെ അറിയിക്കാത്തതിലുള്‍പ്പെടെ മുരളീധരന്‍ നീരസം പ്രകടിപ്പിച്ചിരുന്നു. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് വന്നതിന് പിന്നാലെ കെ.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമായിരുന്നു.