by webdesk1 on | 18-11-2024 09:03:56
കൊച്ചി: മുനമ്പം വിഷയത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപറമ്പിലുമായി ചര്‍ച്ച നടത്തി. വരാപ്പുഴ ആര്‍ച്ച് ബിഷപ് ഹൗസില്‍ എത്തിയാണ് ലീഗ് നേതാക്കള്‍ ബിഷപ്പുമായി ചര്‍ച്ച നടത്തിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. മുനമ്പം വിഷയം രമ്യമായി പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ലീഗ് നേതാക്കള്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.
സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും മുനമ്പം വിഷയം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു. ലീഗ് നേതാക്കള്‍ മുനമ്പം നിവാസികളോട് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോട് വിഷയം അവതരിപ്പിക്കും. കോടതിയിലേക്ക് വിഷയം കൊണ്ടുപോയി പരിഹരിക്കാന്‍ ശ്രമിക്കും. ഇത് മാനുഷിക പ്രശ്‌നമാണ്. അറുന്നൂറിലധികം കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നമാണ്. ഞങ്ങളോടൊപ്പം നിന്നതില്‍ നന്ദിയുണ്ടെന്നെന്നും ആര്‍ച്ച്ബിഷപ്പ് പറഞ്ഞു. ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയിലെ 16 മെത്രാന്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
അതേസമയം സൗഹൃദ അന്തരീക്ഷത്തിലുള്ള ചര്‍ച്ചയാണ് ബിഷപ് ഹൗസില്‍ നടന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗഹൃദ അന്തരീക്ഷത്തിലുള്ള ചര്‍ച്ചയാണ് നടന്നത്. മുനമ്പം വിഷയം വേഗത്തില്‍ പരിഹരിക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ വിഷയത്തില്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഫാറുഖ് കോളജ് അധികാരികളുടെയും മുസ്ലിം സംഘടനകളെയും യോഗം തങ്ങള്‍ വിളിച്ചിരുന്നു. വിഷയം രമ്യമായി പരിഹരിക്കാന്‍ യോഗത്തില്‍ തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പിതാവ് പറഞ്ഞപോലെ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സര്‍ക്കാര്‍ കൂടി വിഷയത്തില്‍ മുന്‍കയ്യെടുക്കണം. തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരുമായി സംസാരിക്കും. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മുനമ്പം വിഷയത്തില്‍ യോജിച്ച അഭിപ്രായമാണ് ഉള്ളത്. ഇന്ന് നടന്ന ചര്‍ച്ച വളരെ സൗഹാര്‍ദപരമായാണ് നടന്നത്. മുനമ്പം പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. സര്‍ക്കാര്‍ വിളിക്കുന്ന യോഗത്തില്‍ പരിഹരിക്കാനുള്ള നിര്‍ദേശം ഞങ്ങള്‍ മുന്നോട്ട് വയ്ക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.