by webdesk1 on | 18-11-2024 09:25:34
ന്യൂഡല്‍ഹി: കുപ്രസിദ്ധ അധോലക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയി അമേരിക്കയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. 2022-ല്‍ പഞ്ചാബി ഗായകന്‍ സിദ്ധു മൂസ്വാലയുടെ കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആളാണ് 50 കാരനായ അന്‍മോല്‍. തിങ്കളാഴ്ച വൈകീട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്തുണ്ടായ വെടിവെപ്പിലും അധികൃതര്‍ അന്വേഷിക്കുന്ന വ്യക്തിയാണ് അന്‍മോല്‍. ഈ മാസം ആദ്യംതന്നെ ഇയാളെ യു.എസില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം മുംബൈ ക്രൈംബ്രാഞ്ച് ആരംഭിച്ചിരുന്നു. മഹാരാഷ്ട്രയിലെ പ്രത്യേക കോടതി ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
എന്‍.ഐ.എയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് അന്‍മോല്‍. ദേശീയ അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ ഇയാള്‍ പ്രതിയാണ്. അന്‍മോല്‍ ബിഷ്‌ണോയിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ പറ്റി സൂചന നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികവും എന്‍.ഐ.എ പ്രഖ്യാപിച്ചിരുന്നു.
ലോറന്‍സ് ബിഷ്ണോയ് അറസ്റ്റിലായ സാഹചര്യത്തില്‍ ഇവരുടെ അധോലോക സംഘത്തിന്റെ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് അന്‍മോല്‍ ബിഷ്ണോയ് ആണെന്നാണ് വിവരം. ബാബ സിദ്ദിഖിയുടെ കൊലപാതകം അടക്കം ഈ സമയങ്ങളില്‍ നടന്ന അക്രമസംഭവങ്ങളുടെ എല്ലാം സൂത്രധാരന്‍ അന്‍മോലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.