by webdesk1 on | 18-11-2024 10:20:03
ഹൈദരാബാദ്: ഈ വര്‍ഷത്തെ അവസാന മത്സരത്തിലും ജയമില്ലാതെ ഇന്ത്യന്‍ ഫുട്ബാള്‍ ടീം. ഇന്നലെ നടന്ന സൗഹൃദ മത്സരത്തില്‍ മലേഷ്യയോട് സമനിലയില്‍ പിരിഞ്ഞതോടെ ഈ വര്‍ഷം കളിച്ച 11 മത്സരങ്ങളിലും ഇന്ത്യയ്ക്ക് ജയിക്കാനായില്ല.
ഹൈദരാബാദ് ജി.എം.സി ബാലയോഗി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. സന്ദര്‍ശകരാണ് ആദ്യം ലീഡെടുത്തത്. 39ാം മിനിറ്റില്‍ രാഹുല്‍ ഭേകെയിലൂടെ ഇന്ത്യ ഒപ്പമെത്തി. പ്രതിരോധത്തിലെ കുന്തമുന സന്ദേശ് ജിങ്കാന്‍ പത്ത് മാസത്തെ ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തിയിട്ടും ജയം മാത്രം അന്യംനിന്നു.
പുതിയ പരിശീലകന്‍ മനോലോ മാര്‍ക്വേസിന് കീഴില്‍ ഇന്ത്യ കളിച്ച നാലാമത്തെ മത്സരമാണിത്. ആദ്യ ജയത്തിനായി മാര്‍ക്വേസിന് ഇനിയും കാത്തിരിക്കണം. ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ സിറിയയോട് കനത്ത തോല്‍വി ഏറ്റുവാങ്ങി കിരീടം നഷ്ടമായതിന് പിന്നാലെ വിയറ്റ്‌നാമിനെതിരായ സൗഹൃദ മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു.
സുനില്‍ ഛേത്രിയുടെ വിരമിക്കലുണ്ടാക്കിയ വിടവ് നികത്താന്‍ ഇനിയും ഇന്ത്യക്കായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് അവസാന മത്സരങ്ങളിലെ ഫലം. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 125ാം സ്ഥാനത്തും മലേഷ്യ 133ാം സ്ഥാനത്തുമാണ്.