by webdesk1 on | 19-11-2024 07:44:31 Last Updated by webdesk1
കൊച്ചി: ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് പോയ സന്ദീപ് വാര്യരുടെ മുസ്ലീം വിരുദ്ധ പ്രസ്ഥാവനകളും പോസ്റ്ററുകളും പരസ്യമാക്കി മുസ്ലിം അനുഭാവ പത്രങ്ങളില്‍ നല്‍കിയത് വിവാദമാകുന്നു. സമസ്തയുടെ മുഖപത്രമായ സപ്രഭാതത്തിന്റെയും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രപമായ സിറാജിന്റെയും ഒന്നാം പേജിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിയിരിക്കെ ഇടതുമുന്നണിയുടെ പരസ്യം മുന്നണിക്കിടയിലും രാഷ്ട്രീയ കേരളത്തിലും വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് വഴിവച്ചത്.
പലഘട്ടങ്ങളിലായി സന്ദീപ് പറഞ്ഞ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളാണ് പരസ്യത്തിലുള്ളത്. ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി സരിന്‍ തരംഗം എന്ന തലക്കെട്ടോടെ നല്‍കിയ പരസ്യത്തിന് താഴെയാണ് സന്ദീപിന്റെ ന്യൂനപക്ഷ വിരുദ്ധ പോസ്റ്റുകളും പ്രസ്താവനകളും പരസ്യമായി ഇടതുമുന്നണി നല്‍കിയിരിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുറമേ മുന്നണിയിലെ പ്രബല കക്ഷിയായ സി.പി.ഐയും രംഗത്തെത്തി.
പരസ്യത്തിന്റെ ഉള്ളടക്കത്തെ ന്യായീകരിച്ച് സി.പി.എം രംഗത്തെത്തിയപ്പോള്‍ ഇതല്ല എല്‍.ഡി.എഫ് നയമെന്ന് സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് വ്യക്തമാക്കി. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഒരു പരസ്യം കൊടുക്കുന്ന നിലപാട് എല്‍.ഡി.എഫിനില്ല. അത് ഇടതുപക്ഷത്തിന്റെ നയവുമല്ല. ഒരു തിരഞ്ഞെടുപ്പിലും അങ്ങനെയാരു സമീപനം എല്‍.ഡി.എഫ് സ്വീകരിക്കാറില്ല. എല്‍.ഡി.എഫിന്റെ പേരില്‍ ഇത്തരത്തിലൊരു പരസ്യം നല്‍കാന്‍ ഒരു കമ്മിറ്റിയും തീരുമാനിച്ചിട്ടുമില്ല. പത്രത്തില്‍ പരസ്യം എങ്ങിനെ വന്നുവെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിവാദപരസ്യവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍നിന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഒഴിഞ്ഞുമാറി. എന്നാല്‍, വസ്തുതാ വിരുദ്ധമായ ഒരു കാര്യവും പത്രപ്പരസ്യത്തില്‍ ഇല്ലെന്നായിരുന്നു വിഷയത്തില്‍ സി.പി.എമ്മിന്റെ പ്രതികരണം. അനുമതി വാങ്ങിയതിന് ശേഷമാണ് പരസ്യം നല്‍കിയതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു. എന്തെങ്കിലും സാങ്കേതികപ്രശ്‌നം ചൂണ്ടിക്കാണിച്ചാല്‍ മറുപടി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ് വോട്ടെടുപ്പിനു തലേന്ന് പരസ്യം പ്രസിദ്ധീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. മറ്റു തിരഞ്ഞെടുപ്പു പരസ്യങ്ങള്‍ക്ക് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അനുമതി വാങ്ങിയിരുന്നു. എന്നാല്‍ വിവാദമായ പരസ്യം മാത്രം കമ്മിഷനെ കാണിക്കാതെ ഒഴിവാക്കുകയായിരുന്നുവെന്നാണ് വിവരം.
തിരഞ്ഞെടുപ്പു കാലത്ത് ഇത്തരം പരസ്യങ്ങള്‍ നല്‍കാന്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം. പരസ്യത്തെപ്പറ്റി അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമൂഹത്തില്‍ വര്‍ഗീയ വേര്‍തിരിവും സ്പര്‍ധയും വളര്‍ത്തുന്നതാണ് പരസ്യമെന്നും അതിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.