by webdesk1 on | 19-11-2024 08:37:58
കൊച്ചി: ഭര്‍തൃവീട്ടില്‍ സ്ത്രീകള്‍ക്ക് ശാരീരിക അധിക്ഷേപമുണ്ടായാല്‍ (ബോഡി ഷെയ്മിങ്) അത് ഗാര്‍ഹിക പീഡന നിയമപ്രകാരം കുറ്റകരമാണെന്ന് ഹൈക്കോടതി. ഭര്‍തൃവീട്ടിലെ താമസക്കാരെയെല്ലാം ബന്ധുവായി കണക്കാക്കാമെന്നും അവര്‍ക്കെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം കുറ്റം ചുമത്താമെന്നും കോടതി വ്യക്തമാക്കി.
യുവതിയെ ഭര്‍ത്താവിന്റെ ജേഷ്ഠന്റെ ഭാര്യ കളിയാക്കിയ സംഭവത്തില്‍ കൂത്തുപറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.ബദറുദീന്റെ ഉത്തരവ്.
2019 ല്‍ വിവാഹിതയായി ഭര്‍തൃവീട്ടില്‍ എത്തിയതാണ് യുവതി. യുവതിക്ക് ബോഡി ഷെയ്പ് ഇല്ലെന്നും അനുജന് യോജിച്ച പെണ്ണല്ലെന്നും സുന്ദരിയെ കിട്ടുമായിരുന്നുവെന്നും മറ്റും പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് ആരോപണം.
കൂടാതെ ശരിക്കും എംബിബിഎസ് യോഗ്യതയുണ്ടോ എന്നു സംശയമുന്നയിച്ചതിനൊപ്പം ബിരുദ സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കി പരിശോധിക്കുകയും ചെയ്തു. ഇതോടെ അധിക്ഷേപം സഹിക്കവയ്യാതെ യുവതി 2022 ല്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി.
ഭര്‍ത്താവും ഭര്‍തൃപിതാവുമാണ് ഒന്നും രണ്ടും പ്രതികള്‍. ഇത്തരം ആരോപണങ്ങള്‍ ഗാര്‍ഹിക പീഡനമാകുമോ, ഭര്‍തൃസഹോദര ഭാര്യ ഗാര്‍ഹിക പീഡന നിയമത്തിന്റെ പരിധിയില്‍ വരുമോ എന്നീ നിയമ പ്രശ്നങ്ങളാണ് കോടതി പരിശോധിച്ചത്.
ബോഡി ഷെയ്മിങ് സ്ത്രീകളോടുള്ള ക്രൂരതയല്ലെന്നും തനിക്ക് യുവതിയുമായി രക്ത ബന്ധമില്ലാത്തതിനാല്‍ ഗാര്‍ഹികനപീഡന നിയമത്തില്‍ പറയുന്ന ബന്ധു എന്ന നിര്‍വചനത്തില്‍പ്പെടില്ലെന്നും ഭര്‍തൃ സഹോദര ഭാര്യ വാദിച്ചു.
എന്നാല്‍ ശരീരത്തെ കളിയാക്കുന്നതും സര്‍ട്ടിഫിക്കറ്റ് പരിശോധനയും യുവതിയുടെ ശാരീരിക, മാനസികാരോഗ്യത്തെ ബാധിക്കുന്നതിനാല്‍ ഗാര്‍ഹിക പീഡനക്കേസ് നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
ഭര്‍ത്താവ്, മക്കള്‍, ഭര്‍തൃബന്ധുക്കളായ മാതാപിതാക്കള്‍, സഹോദരങ്ങള്‍, അനന്തരവന്‍, അനന്തരവള്‍, ചെറുമക്കള്‍ തുടങ്ങി ഒപ്പം താമസിക്കുന്ന ഭര്‍തൃസഹോദരങ്ങളുടെ ജീവിത പങ്കാളികളും ഐപിസി 498എ ബാധകമായ ബന്ധു ആകുമെന്നാണ് കോടതി വ്യക്തമാക്കിയത്. യുവതിയുടെ പരാതിയില്‍ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലുള്ള കേസ് തുടരാനും ഉത്തരവായി.