by webdesk1 on | 19-11-2024 09:37:16
മോസ്‌കോ: ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ ഉക്രെയ്‌ന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് നീക്കിയതിന് പിന്നാലെ റഷ്യയിലേക്ക് ദീര്‍ഘദൂര മിസൈല്‍ ആക്രമണം നടത്തി ഉക്രെയ്ന്‍. യുഎസ് നിര്‍മ്മിത എ.ടി.എസി.എം.എസ് മിസൈല്‍ ആക്രമണമാണ് നടന്നത്. റഷ്യയുടെ ബ്രയാന്‍സ്‌ക് മേഖലയിലേക്ക് മിസൈലുകള്‍ ഉക്രെയ്ന്‍ തൊടുത്തുവിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യയിലേക്ക് ദീര്‍ഘദൂര അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് ബൈഡന്‍ ഭരണകൂടം കൈവിന് പച്ചക്കൊടി നല്‍കിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം നടന്നത്. റിപ്പോര്‍ട്ടിനോട് കിവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യയ്ക്കകത്തെ സൈനിക കേന്ദ്രങ്ങളെ അടക്കം ലക്ഷ്യമിട്ടുള്ള ആക്രമണം നടത്താന്‍ ഉക്രെയ്ന്‍ ആദ്യമായാണ് ദീര്‍ഘദൂര അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നത്.
പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 3:25 ന് ബ്രയാന്‍സ്‌കിലെ ഒരു കേന്ദ്രത്തിലേക്ക് ഉക്രെയ്ന്‍ ആറ് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായാണ് മന്ത്രാലയം അറിയിക്കുന്നത്. അഞ്ച് മിസൈലുകള്‍ ആക്രമിച്ചു തകര്‍ത്തു. മറ്റൊന്ന് തകര്‍ന്നുവീണു. തകര്‍ന്ന മിസൈലിന്റെ ഭാഗങ്ങള്‍ സൈനിക കേന്ദ്രത്തിനടുത്ത് പതിച്ച് തീപിടിത്തത്തിന് കാരണമായി. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും റഷ്യന്‍ വ്യോമ പ്രതിരോധ സേന അറിയിച്ചു.
റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ യുഎസ് നയത്തിലുണ്ടാകുന്ന സുപ്രധാന മാറ്റമായിരുന്നു ദീര്‍ഘദൂര മിസൈലുകള്‍ക്കുള്ള വിലക്ക് നീക്കിക്കൊണ്ട് ബൈഡനെടുത്ത തീരുമാനം. യുദ്ധമവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബൈഡന്റെ ഭാഗത്ത്‌നിന്ന് നിര്‍ണായ നീക്കം ഉണ്ടായത്.