by webdesk1 on | 20-11-2024 06:48:28
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ പ്രാഥമിക റൗണ്ടില്‍ കേരളത്തിന് വിജയത്തുടക്കം. കരുത്തരായ റെയില്‍വേസിനെയാണ് കേരളം കീഴടക്കിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് (1-0) കേരളം വിജയിച്ചത്.
പകരക്കാരനായിറങ്ങിയ മുഹമ്മദ് അജ്‌സലാണ് 71-ാം മിനിറ്റില്‍ കേരളത്തിന്റെ വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ കേരളം ആക്രമണ ഫുട്ബോള്‍ പുറത്തെടുത്തു. പന്ത് എതിരാളികള്‍ക്ക് വിട്ടു കൊടുക്കാതെ കളിക്കുക, അവസരങ്ങള്‍ മുതലാക്കി ആക്രമിക്കുക എന്നതായിരുന്നു കേരളത്തിന്റെ ഗയിംപ്ലാന്‍.
ആദ്യ മിനിറ്റുകളില്‍ തന്നെ റെയില്‍വേ സിന്റെ ബോക്സിലേക്ക് കേരള താരങ്ങള്‍ ഇരച്ചെത്തി. 26-ാം മിനിറ്റില്‍ കേരളത്തിന് മുന്നിലെത്താനുള്ള അവസരം ലഭിച്ചെങ്കിലും മധ്യനിരതാരം ക്രിസ്റ്റി ഡേവിസ് പാഴാക്കി. ഗനി അഹമ്മദ്, ഷിജിന്‍ എന്നിവരാണ് കേരളത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
കിട്ടിയ അവസരങ്ങളില്‍ റെയില്‍വേസും മികച്ച കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തി. 39-ാം മിനിറ്റില്‍ റെയില്‍വേസിന്റെ മുന്നേറ്റം ശ്രമകരമായാണ് ഡിഫന്‍ഡര്‍ മനോജ് പ്രതിരോധിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം ഗോള്‍ കണ്ടെത്താനായി റെയില്‍വേസ് മുന്നേറ്റങ്ങള്‍ ശക്തമാക്കി. കേരളം മൈതാന മധ്യത്ത് പന്ത് കൈവശം വെച്ച് കളിച്ചപ്പോള്‍ റെയില്‍വേസ് മൈതാനത്ത് ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.
റെയില്‍വേസ് ആധിപത്യം പുലര്‍ത്തിയതോടെ കേരളത്തിന് കാര്യമായ മുന്നേറ്റങ്ങള്‍ നടത്താനായില്ല. 64-ാം മിനിറ്റില്‍ കിടിലന്‍ കൗണ്ടര്‍ അറ്റാക്കിനോടുവില്‍ റെയില്‍വേസ് താരത്തിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ഹജ്മല്‍ പന്ത് തടയാന്‍ ശ്രമിച്ചെങ്കിലും പന്ത് ഗോള്‍ വരയ്ക്കടുത്തെത്തി. പിന്നാലെ ഉഗ്രന്‍ ഗോള്‍ ലൈന്‍ സേവിലൂടെ മനോജ് ഒരിക്കല്‍ കൂടി കേരളത്തെ രക്ഷിച്ചു.
എന്നാല്‍ കളിയുടെ ഒഴുക്കിന് വിപരീതമെന്നോണം കേരളത്തിന് അവസരം വീണുകിട്ടി. അത് മുതലാക്കി 71-ാം മിനിറ്റില്‍ ടീം മുന്നിലെത്തി. റെയില്‍വേസ് പ്രതിരോധതാരത്തിന്റെ പിഴവ് മുതലെടുത്തു മുന്നേറിയ നിജോ ഗില്‍ബെര്‍ട്ട് പന്ത് പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അജ്‌സലിന് നീട്ടി. അനായാസം ലക്ഷ്യം കണ്ട് അജ്‌സല്‍ ടീമിനെ മുന്നിലെത്തിച്ചു. ഗോള്‍ വീണതിന് ശേഷവും കേരളം മുന്നേറ്റങ്ങള്‍ തുടര്‍ന്നെങ്കിലും റെയില്‍വേസ് പ്രതിരോധം മറികടക്കാനായില്ല.