by webdesk1 on | 20-11-2024 07:12:26
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗയാനയുടെയും ബാര്‍ബഡോസിന്റെയും പരമോന്നത ദേശീയ പുരസ്‌കാരം. ഗയാന പരമോന്നത ദേശീയ പുരസ്‌കാരമായ ദി ഓര്‍ഡര്‍ ഓഫ് എക്സലന്‍സും ബാര്‍ബഡോസ് തങ്ങളുടെ ഓണററി ഓര്‍ഡര്‍ ഓഫ് ഫ്രീഡം ഓഫ് ബാര്‍ബഡോസും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും.
പ്രധാനമന്ത്രി മോദിയെ തങ്ങളുടെ പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിക്കാനുള്ള തീരുമാനം ഡൊമിനിക്ക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അംഗീകാരം. കോവിഡ്-19 മഹാമാരി സമയത്ത് മോദിയുടെ സഹായവും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള ബന്ധം വളര്‍ത്തിയെടുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണവും അംഗീകരിച്ച് നവംബര്‍ 14 നാണ് പ്രഖ്യാപനം. ഈ അംഗീകാരങ്ങളോടെ പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണം 19 ആയി.
അതേസമയം, 56 വര്‍ഷത്തിനിടെ ഗയാന സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാറി. ജോര്‍ജ്ജ് ടൗണിലെത്തിയ അദ്ദേഹത്തെ ആചാരപരമായ സ്വീകരണവും ഗാര്‍ഡ് ഓഫ് ഓണറും നല്‍കി സ്വീകരിച്ചു. അഭൂതപൂര്‍വമായ നീക്കത്തില്‍ ഗയാന പ്രസിഡന്റ് മുഹമ്മദ് ഇര്‍ഫാന്‍ അലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇരു നേതാക്കളും ഊഷ്മളമായ ആലിംഗനം പങ്കിട്ടു, തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ പ്രധാനമന്ത്രി മോദിക്ക് പുഷ്പ പൂച്ചെണ്ട് സമ്മാനിച്ചു.