by webdesk1 on | 20-11-2024 08:53:51
കോഴിക്കോട്: വോട്ടെടുപ്പിന് തലേന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പേരില്‍ സുപ്രഭാതം പത്രത്തില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വിവാദ പരസ്യത്തില്‍ വീഴ്ച സമ്മതിച്ച് സുപ്രഭാതം മാനേജ്‌മെന്റ്. പരസ്യം നല്‍കിയതില്‍ ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ടെന്ന് സുപ്രഭാതം സമ്മതിക്കുന്നു. കുറ്റക്കാര്‍ക്കതിരെ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും അന്വേഷണം നടന്ന് വരികയാണെന്നും സുപ്രഭാതം മാനേജിംഗ് ഡയറക്റ്റര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അറയിച്ചു.
പരസ്യത്തിലെ വിഷയങ്ങളോട് യാതൊരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ സുപ്രഭാതം, കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് എന്നീ പത്രങ്ങളിലെ പാലക്കാട് എഡിഷനില്‍ സന്ദീപ് വാരിയര്‍ക്കെതിരെ എല്‍.ഡി.എഫ് പരസ്യം നല്‍കിയത്.
പരസ്യം വിവാദമായതിന് പിന്നാലെയാണ് പത്രത്തിന്റെ നിലാപടിനെ വിമര്‍ശിച്ച് വൈസ് ചെയര്‍മാന്‍ തന്നെ രംഗത്തെത്തി. പത്രത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് പരസ്യമെന്ന് വൈസ് ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ് സന്ദീപ് വാരിയര്‍ക്കെതിരെ എല്‍.ഡി.എഫ് പത്രപ്പരസ്യം നല്‍കിയത്. തിരഞ്ഞെടുപ്പു കാലത്ത് ഇത്തരം പരസ്യങ്ങള്‍ നല്‍കാന്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം. സമൂഹത്തില്‍ വര്‍ഗീയ വേര്‍തിരിവും സ്പര്‍ധയും വളര്‍ത്തുന്നതാണ് പരസ്യമെന്നും അതിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.