by webdesk1 on | 24-11-2024 08:06:37
ന്യൂഡല്‍ഹി: വയനാടിന്റെ പുതിയ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധിയും സത്യപ്രതിജ്ഞ നാളെ നടക്കും. നാളെ ആരംഭിക്കുന്ന പാര്‍ലമെന്‍ന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കത്തിലാകും പ്രിയങ്കയുടെ പാര്‍ലമെന്റിലേക്കുള്ള കന്നി പ്രവേശനം.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമായിരിക്കും പാര്‍ലമെന്റില്‍ പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഏതു ഭാഷയും എളുപ്പത്തില്‍ വഴങ്ങുന്ന പ്രിയങ്ക മലയാളം പഠനവും പതിയെ ആരംഭിച്ചതായും വേണുഗോപാല്‍ പറഞ്ഞു. ഡിസംബര്‍ 20 വരെയാണ് സമ്മേളനം.
പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ഇന്ന് സര്‍വകക്ഷി യോഗം ചേരും. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്.
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ 4,10,931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തില്‍ പ്രിയങ്ക ഗാന്ധി വിജയിച്ചത്. വയനാട്ടില്‍ 2024ല്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം. 6,22,338 വോട്ടുകള്‍ പ്രിയങ്ക ആകെ നേടിയപ്പോള്‍ രണ്ടാമതെത്തിയ എല്‍.ഡി.എഫിന്റെ സത്യന്‍ മോകേരി 2,11,407 വോട്ടുകളാണ് നേടിയത്. 1,09,939 വോട്ടുകളാണ് ബി.ജെ.പിയുടെ നവ്യ ഹരിദാസിനു ലഭിച്ചത്.