by webdesk1 on | 24-11-2024 09:06:34
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ പ്രശംസിച്ച് ടെസ്‌ല സി.ഇ.ഒയും ശതകോടിശ്വരനുമായ ഇലോണ്‍ മസ്‌ക്. എങ്ങനെയാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് 640 മില്യണ്‍ വോട്ടുകള്‍ എണ്ണുന്നതെന്ന ഒരു വാര്‍ത്തയുടെ തലക്കെട്ട് പങ്കുവെച്ച ഉപയോക്താവിന് നല്‍കിയ മറുപടിയിലാണ് മസ്‌ക് ഇന്ത്യയെ പ്രശംസിച്ചത്.
ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 64 കോടി വോട്ടുകള്‍ എണ്ണിയെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞ് 18 ദിവസമായിട്ടും 15 ദശലക്ഷം വോട്ടുകള്‍ കാലിഫോര്‍ണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു മസ്‌കിന്റെ പ്രതികരണം. ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 64.2 കോടി ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി ഒരു ദിവസത്തിനുള്ളില്‍ ഇന്ത്യ ഫലം പ്രഖ്യാപിച്ചിരുന്നു.
അതേസമയം കാലിഫോര്‍ണിയയില്‍ 98 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. 38.2 ശതമാനം വോട്ടുകള്‍ നേടിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിനെ പിന്നിലാക്കി 58.6 ശതമാനം വോട്ടുകള്‍ നേടി ഡെമോക്രറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് കാലിഫോര്‍ണിയയില്‍ വിജയമുറപ്പിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏകദേശം 39 ദശലക്ഷം ജനങ്ങളുള്ള കാലിഫോര്‍ണിയ യു.എസിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സ്‌റ്റേറ്റുകളില്‍ ഒന്നാണ്. ഇവരില്‍ 16 ലക്ഷത്തിലധികം പേരാണ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. യുഎസ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടെങ്കിലും കലിഫോര്‍ണിയയില്‍ ഇനിയും 300,000 വോട്ടുകള്‍ എണ്ണിയിട്ടില്ല.
കാലിഫോര്‍ണിയയിലെ തിരഞ്ഞെടുപ്പില്‍ വോട്ടിങ് പ്രധാനമായും തപാല്‍ വഴിയാണ് നടന്നത്. അതിനാല്‍ തന്നെ മെയില്‍ ഇന്‍ ബാലറ്റുകള്‍ പരിശോധിക്കുന്നതിന് കൂടുതല്‍ സമയവും പരിശ്രമവും ആവശ്യമാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും ദിവസങ്ങള്‍ എടുത്തേക്കാമെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.