by webdesk1 on | 25-11-2024 08:50:22
പാലക്കാട്: തങ്ങളുടെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന പാലക്കാട് നഗരസഭാപരിധിയിലെ 13 ബൂത്തുകളില്‍ ബി.ജെ.പിക്ക് ലഭിച്ചത് നൂറില്‍ത്താഴെ വോട്ടുമാത്രം. ഇതില്‍ നലെണ്ണത്തില്‍ പത്തില്‍ത്താഴെ വോട്ടാണ് ലഭിച്ചത്. പാലക്കാട് നഗരസഭ ഭരിക്കുന്നത് ബി.ജെ.പിയായരിക്കെ ശക്തികേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞതിന്റെ കാരണം തേടുകയാണ് ബി.ജെ.പി.
മണ്ഡലത്തിലാകെ 33 ബൂത്തുകളിലാണ് എന്‍.ഡി.എക്ക് 100 ല്‍ താഴെ വോട്ടുകളുള്ളത്. എല്‍.ഡി.എഫിന് 31 ബൂത്തുകളിലും യു.ഡി.എഫിന് രണ്ട് ബൂത്തുക്കളിലും മാത്രമാണ് 100 താഴെ പോയത്. യു.ഡി.എഫിന് വോട്ട് കുറഞ്ഞ രണ്ടു ബൂത്തുകളും നഗരസഭാ പരിധിയിലുള്ളതാണ്. മൂത്താന്തറ കര്‍ണകിയമ്മന്‍ സ്‌കൂളിലെ 56, 58 നമ്പര്‍ ബൂത്തുകളാണിവ.
എല്‍.ഡി.എഫിന് നഗരസഭാപരിധിയില്‍ 28 ബൂത്തിലും പിരായിരി പഞ്ചായത്തിലെ മൂന്ന് ബൂത്തിലും 100 വോട്ടില്‍ത്താഴെയാണ് വോട്ട് ലഭിച്ചത്. എന്നാല്‍ മുരുകണിയിലെയും (14) കിഴക്കേ യാക്കരയിലേയും (95) ബൂത്തുകളില്‍ എല്‍.ഡി.എഫാണ് ഒന്നാംസ്ഥാനത്ത്.
പാലക്കാട് നിയമസഭാമണ്ഡലത്തില്‍ 2011 ലെ തിരഞ്ഞെടുപ്പുമുതല്‍ ബി.ജെ.പി വോട്ടുനില ക്രമത്തില്‍ മെച്ചപ്പെടുത്തിയിരുന്നു. ഇത്തവണമാത്രം പതിനായിരത്തിലേറെ വോട്ടുകുറഞ്ഞത് പാര്‍ട്ടിക്കകത്ത് ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ചൊവ്വാഴ്ച പാര്‍ട്ടി നേതൃയോഗം ചേരും. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടു പോലും കൃഷ്ണകുമാറിന് ലഭിക്കാതായതാണ് ചര്‍ച്ചയ്ക്ക് വഴിതുറക്കുന്നത്.
എല്‍.ഡി.എഫിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 860 വോട്ട് കൂടുതലായി ലഭിച്ചെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. അതേസമയം പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ മത്സരിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ വോട്ടുനേടാനായത് മെച്ചമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ വിശദീകരിക്കുന്നുണ്ട്. ചരിത്രഭൂരിപക്ഷം കരസ്ഥമാക്കിയെങ്കിലും വോട്ടുകുറഞ്ഞ ബൂത്തുകളിലെ അവസ്ഥ കോണ്‍ഗ്രസില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും.