by webdesk1 on | 26-11-2024 09:58:52
ശബരിമല: അയ്യപ്പഭക്തരോട് ഒരു കാരണവശാലും അപമര്യാദയായി പെരുമാറരുതെന്നും തിരക്ക് നിയന്ത്രിക്കാന്‍ വടി എടുക്കാന്‍ പാടില്ലെന്നും പോലീസിനു കര്‍ശന നിര്‍ദേശം. ജോലിസമയത്ത് മൊബൈല്‍ ഫോണിലൂടെയുള്ള സമൂഹമാധ്യമ ഉപയോഗവും വിലക്കി.
സി.സി.ടി.വിയിലൂടെ പോലീസുകാരുടെ സേവനം നിരീക്ഷിക്കും. ശബരിമല ദര്‍ശനത്തിനെത്തുന്നവരെ സ്വാമി എന്ന് അഭിസംബോധന ചെയ്യണം. എന്ത് പ്രകോപനമുണ്ടായാലും ആത്മസംയമനം കൈവിടരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.
ദര്‍ശനത്തിനായുള്ള ക്യൂവില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ തര്‍ക്കങ്ങളുയരാതെ നോക്കണം. തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ വിസില്‍ ഉപയോഗിക്കാം. കാക്കി പാന്റ് ധരിച്ചെത്തുന്ന എല്ലാവരെയും പരിശോധന കൂടാതെ കടത്തിവിടേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്.
കാനന പാതയിലൂടെ എത്തുന്നവരില്‍ ചിലര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നു രക്ഷ നേടാന്‍ പടക്കങ്ങള്‍ കരുതാറുണ്ടെന്ന് ബോംബ് സ്‌ക്വാഡിന്റെ നിരീക്ഷണത്തില്‍ വ്യക്തമായി. പടക്കങ്ങളുമായി സന്നിധാനത്ത് എത്താന്‍ അനുവദിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.