by webdesk1 on | 26-11-2024 09:13:38
ന്യൂഡല്‍ഹി: ബാലറ്റ് പേപ്പര്‍ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഡോ. കെ.എ. പോള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. നിങ്ങള്‍ വിജയിച്ചാല്‍ ഇ.വി.എമ്മുകള്‍ നല്ലത്, നിങ്ങള്‍ തോല്‍ക്കുമ്പോള്‍ കൃത്രിമം എന്നാണോ എന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
എന്നാല്‍ ഇ.വി.എമ്മുകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇപ്പോളും പേപ്പര്‍ ബാലറ്റാണ് ഉപയോഗിക്കുന്നതെന്നും ഇലോണ്‍ മസ്‌കിനെപ്പോലുള്ള പ്രമുഖ വ്യക്തികള്‍ പോലും ഇ.വി.എം കൃത്രിമത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ഹര്‍ജിക്കാന്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളി.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയും സമാനമായ ആരോപണങ്ങള്‍ നേരത്തെ ഉന്നയിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ചന്ദ്രബാബു നായിഡു തോറ്റപ്പോള്‍ ഇ.വി.എമ്മുകളില്‍ കൃത്രിമം നടക്കുമെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തവണ ജഗന്‍ മോഹന്‍ റെഡ്ഡി തോറ്റു. ഇ.വി.എമ്മുകളില്‍ കൃത്രിമം നടക്കുമെന്ന് അദ്ദേഹവും പറഞ്ഞു- സുപ്രീംകോടതി വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള ഭൂരിഭാഗം രാജ്യങ്ങളും ബാലറ്റ് പേപ്പര്‍ വോട്ടിംഗ് പ്രക്രിയ സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യയും ഇത് പിന്തുടരണമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞപ്പോള്‍, എന്തുകൊണ്ടാണ് നിങ്ങള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തനാകാന്‍ ആഗ്രഹിക്കാത്തത് എന്നാണ് ബെഞ്ച് ചോദിച്ചത്.