by webdesk1 on | 28-11-2024 08:34:37
പാലക്കാട്: മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ നിന്ന് തിരികെ പോകുന്നതിനിടെ കസ്റ്റഡിയിലുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് തീയിട്ടു. സ്റ്റേഷന് മുന്നില്‍ ദേശീയപാതയില്‍ മേല്‍പ്പാലത്തിനു താഴെ നിര്‍ത്തിയിട്ടിരുന്ന രണ്ട് പിക്കപ് വാനുകള്‍ പൂര്‍ണമായും കത്തിനശിച്ചു. പ്രതി ചുള്ളിമട സ്വദേശി പോള്‍രാജിനെ (35) വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി 8.15-നാണ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീവെച്ചത്. വനപ്രദേശത്ത് മാലിന്യം തള്ളാന്‍ കൊണ്ടുപോയിരുന്ന പിക്കപ്പ് വാനുകള്‍ കോടതി നിര്‍ദേശപ്രകാരം പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്നു. ഈ വാഹനങ്ങളാണ് കത്തിനശിച്ചത്. പോലീസുകാരും കഞ്ചിക്കോട് അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് എട്ടരയോടെ തീയണച്ചു.
ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് പോള്‍രാജിനെ വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ചുള്ളിമടയിലെ പലചരക്ക് കടയ്ക്കുമുന്നില്‍ മദ്യപിച്ച് ബഹളം വെയ്ക്കുകയും ആളുകളോട് വഴക്കിടുകയും ചെയ്‌തെന്ന പരാതിയെത്തുടര്‍ന്നായിരുന്നു ഇത്. ചോദ്യം ചെയ്യലിനുശേഷം ബന്ധുക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടയച്ചു. പോള്‍രാജിന്റെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. പോകുംവഴിയാണ് തീയിട്ടത്.
സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന്റെ വൈരാഗ്യത്തില്‍ ഇയാള്‍ വാഹനങ്ങള്‍ക്ക് തീയിടുകയായിരുന്നെന്ന് വാളയാര്‍ എസ്.എച്ച്.ഒ. എന്‍.എസ്. രാജീവ് പറഞ്ഞു. പ്രതി ഒറ്റയ്ക്കാണോ തീയിട്ടതെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും മുമ്പ് മോഷണക്കേസില്‍ പ്രതിയായിട്ടുണ്ടെന്നും വാളയാര്‍ പോലീസ് പറഞ്ഞു.