by webdesk1 on | 28-08-2024 09:03:29 Last Updated by webdesk1
കൊച്ചി: അമ്മയിലെ കുട്ട രാജിയിലും ഒടുങ്ങാതെ വിവാദം. എല്ലാവരും ഒരുമിച്ച് രാജിവയ്ക്കാനുള്ള തീരുമാനവും ഭരണസമിതി പിരിച്ചുവിടാനുള്ള തീരുമാനവും തങ്ങളുടെ സമ്മതത്തോടെയല്ലെന്ന് തുറന്നടിച്ച് യുവതാരങ്ങള്‍. എക്‌സിക്യൂട്ടീവ് അംഗങ്ങളായ സരയൂ മോഹന്‍, അനന്യ, ടൊവീനോ തോമസ്, വിനു മോഹന്‍ എന്നിവാണ് പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
അമ്മ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് എല്ലാവരും രാജിവെച്ചിട്ടില്ലെന്ന് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം സരയൂ മോഹന്‍ പറഞ്ഞു. ഭരണസമിതി പിരിച്ചുവിടാനുള്ള തീരുമാനം ഏകകണ്ഠമല്ല. രാജിവെക്കാന്‍ തയാറല്ലെന്ന നിലപാടാണ് യോഗത്തിലും പറഞ്ഞതെന്നും സരയൂ വ്യക്തമാക്കി. മോഹന്‍ലാലിനൊപ്പം രാജിവെച്ചത് 12 പേരാണ്. സരയൂ മോഹന്‍, അനന്യ, ടൊവീനോ തോമസ്, വിനു മോഹന്‍ എന്നിവര്‍ രാജിവെച്ചിട്ടില്ലെന്നും സരയു പറഞ്ഞു.
സിദ്ദിഖ് നടത്തിയ വാര്‍ത്തസമ്മേളനം തെറ്റായിപ്പോയെന്ന അഭിപ്രായം എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ പറഞ്ഞതാണ്. കമ്മിറ്റി പിരിച്ചുവിടണമെന്ന അഭിപ്രായം താന്‍ പറഞ്ഞിട്ടില്ല. ഒരു സംഘടനയിലെ ഭൂരിഭാഗവും രാജിവെക്കുമ്പോള്‍ കമ്മിറ്റിക്കും രാജിവെക്കേണ്ടിവരും. പക്ഷേ രാജിവെക്കാനുള്ള തീരുമാനം ഐക്യകണ്ഠമായിരുന്നില്ല എന്നും സരയൂ മോഹന്‍ പറഞ്ഞു.
കൂട്ടരാജിയില്‍ വിയോജിപ്പുണ്ടായിരുന്നുവെന്നും ഭൂരിപക്ഷ അഭിപ്രായം താനും അംഗീകരിക്കുകയായിരുന്നുവെന്നും നടി അനന്യയും പ്രതികരിച്ചു. ഓണ്‍ലൈനിലായി ഇക്കാര്യം പ്രസിഡന്റ് ഉന്നയിച്ചപ്പോള്‍ തന്നെ എതിര്‍ത്തിരുന്നു. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായത്തോട് ഒപ്പം നില്‍ക്കുക എന്നതേ തനിക്ക് അപ്പോള്‍ ചെയ്യാനാകുമായിരുന്നുള്ളൂ എന്നും അനന്യ പറഞ്ഞു.