by webdesk1 on | 02-09-2024 08:26:37 Last Updated by webdesk1
തിരുവനന്തപുരം: മന്ത്രിമാരുടേത് അടക്കം ഫോണ്‍കോളുകള്‍ പോലീസ് ചോര്‍ത്തിയെന്ന അതീവ ഗുരുതര ആരോപണവുമായി രംഗത്തെത്തിയ പി.വി. അന്‍വര്‍ എം.എല്‍.എ ക്ക് പിന്നില്‍ ആരാണ് എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോള്‍ ഉന്നയിക്കുന്ന ചോദ്യം. ഇത് ആഭ്യമന്തരമന്ത്രി പിണറായി വിജയന്റെ പേലീസ് അല്ല എന്ന് പറയുക മാത്രമല്ല കുറേക്കൂടി കടന്ന്, പിണറായി വിജയന് ആഭ്യന്തരവകുപ്പില്‍ നിയന്ത്രണം നഷ്ടപ്പെട്ടു എന്നുകൂടി അന്‍വര്‍ പറയാതെ പറഞ്ഞ് കഴിഞ്ഞിരിക്കുകയാണ്. അന്‍വര്‍ ലക്ഷ്യം വയ്ക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ ആണെങ്കിലും പിന്നിലെ പവര്‍ഗ്രൂപ്പ് ആരാണെന്നതാണ് പാര്‍ട്ടിക്കുള്ളിലെ ചോദ്യം.
പിണറായി കേന്ദ്രീകൃത അച്ചുതണ്ടില്‍ നിന്ന് അധികാര കേന്ദ്രം വിഭജിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ് സമീപകാലത്തായി സി.പി.എമ്മില്‍ കണ്ടുവരുന്നത്. ആഭ്യന്തര വകുപ്പില്‍ നിന്ന് പിണറായി വിജയന്റെ പവര്‍ മുന്‍പേ നഷ്ടപ്പെട്ടതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. പോലീസിന്റെ ഭാഗത്തെ ഓരോ പിഴവുകളേയും പിണറായി വിജയന്‍ പരസ്യമായി വിമര്‍ശിക്കുമ്പോള്‍ അത് തനിക്ക് സമാന്തരമായി വളരുന്ന അധികാര കേന്ദ്രത്തോടുള്ള പകതീര്‍ക്കലാണെന്ന ഇപ്പോള്‍ ബോധ്യപ്പെട്ടുവരികെയുമാണ്.
ഇ.പി. ജയരാജനോട് കാട്ടിയതും അതുതന്നെയായിരുന്നു. ഒരു കാലത്ത് സര്‍ക്കാരിലെ രണ്ടാമനായിരുന്ന ഇപിയുടെ പതനം പുതിയ അധികാര കേന്ദ്രത്തിന്റെ വളര്‍ച്ചയെ മുളയിലെ തുള്ളനായിരുന്നു. കഴിഞ്ഞ ലോകസഭാ വോട്ടെടുപ്പ് ദിനം രാവിലെ മുഖ്യമന്ത്രി ഇപിയെ പരസ്യമായി തള്ളിപ്പറഞ്ഞതും ഇപ്പോള്‍ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതുമൊക്കെ ഒടുവിലത്തെ ഉദാഹരണം മാത്രം.
ഇപിക്കെതിരെയുള്ള നടപടിയൊക്കെ ` പവര്‍` പിണറായിയില്‍ നിന്ന് പാര്‍ട്ടിയിലേക്ക് തിരികെ വരുന്നതിന്റെ സൂചനയായി കാണുന്നവരുമുണ്ട്. അന്‍വര്‍ നേരത്തെ പോലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കേണ്ടതായിരുന്നു എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന അന്‍വറിനെ തലോടുന്നതും പുതിയ പവര്‍ഗ്രൂപ്പിനെ തല്ലുന്നതുമായിരുന്നു. തൊട്ടുപിന്നാലെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വര്‍ധിതവീര്യത്തോടെ അന്‍വര്‍ രംഗത്തുവന്നു.
സി.പി.എം സമ്മേളനങ്ങള്‍ക്കു തുടക്കമിട്ട ഞായറാഴ്ച തന്നെയാണ് അന്‍വറിന്റെ വെളിപ്പെടുത്തല്‍. ഇങ്ങനെ സാന്ദര്‍ഭികമായ പറയിച്ചവര്‍ക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടാകാം. പാര്‍ട്ടിനേതാക്കളുടെ പിന്‍ബലമില്ലാതെ അന്‍വര്‍ ഇങ്ങനെയൊന്നും പറയില്ലെന്ന് സി.പി.എം. വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിക്കുകീഴിലുള്ള പോലീസിനെ അധോലോകമായി ചിത്രീകരിക്കല്‍, മന്ത്രിമാരുടെ ഫോണ്‍ചോര്‍ത്തല്‍, കൊലപാതകങ്ങള്‍ എന്നിങ്ങനെയാണ് വെളിപ്പെടുത്തലുകള്‍. ജീവന്‍ പണയംവെച്ചും രാഷ്ട്രീയഭാവി നോക്കാതെയുമുള്ള ഈ തുറന്നുപറച്ചില്‍, ആരുടെയും ആശീര്‍വാദമില്ലാതെ നടക്കില്ലെന്നാണ് നിരീക്ഷണം. പാര്‍ട്ടിയുടെ പിന്തുണയെക്കുറിച്ചു ചോദിച്ചപ്പോള്‍ താനും പാര്‍ട്ടിയുടെ ഭാഗമാണെന്ന് അന്‍വര്‍ അടിവരയിട്ടതും ശ്രദ്ധേയമായി.
എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ നീക്കിയും പി.കെ. ശശിക്കെതിരേ അച്ചടക്കനടപടിയെടുത്തുമൊക്കെ സി.പി.എമ്മില്‍ പ്രബലനായിരിക്കുകയാണ് എം.വി. ഗോവിന്ദന്‍. മുഖ്യമന്ത്രിക്കുകീഴിലെ പോലീസിനെ കടന്നാക്രമിച്ച അന്‍വറിനെ ശനിയാഴ്ചത്തെ പത്രസമ്മേളനത്തില്‍ ഗോവിന്ദന്‍ തള്ളിപ്പറഞ്ഞതുമില്ല.
പറഞ്ഞതു പി. ശശിയെക്കുറിച്ചാണെങ്കിലും മുഖ്യമന്ത്രിക്കു കൊള്ളുന്നതാണ് അന്‍വറിന്റെ ആരോപണമുന. മുഖ്യമന്ത്രിയെ നേരിട്ടു പഴിക്കാതെ, പൊളിറ്റിക്കല്‍ സെക്രട്ടറിയെ ഉന്നമിട്ടത് ഒരു തന്ത്രമാണെങ്കില്‍ സി.പി.എമ്മില്‍ പുതിയൊരു പോര്‍മുഖം തുറക്കും. അന്‍വറിന് പിന്തുണ എവിടെനിന്ന് എന്നതു വ്യക്തമല്ല. ഈ കളിയുടെ ലക്ഷ്യം പി. ശശിയും എം.ആര്‍. അജിത്കുമാറും മാത്രമാണോ എന്നുമാണ് ഇനി കാത്തിരുന്നു കാണേണ്ടത്.