Infotainment Cinema

സീരിയലിനെതിരായ പരാമര്‍ശത്തില്‍ പ്രേംകുമാര്‍ വെട്ടിലായോ? എന്‍ഡോസള്‍ഫാന്‍ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മിനിസ്‌ക്രീന്‍ താരസംഘടനയായ ആത്മയുടെ തുറന്ന കത്ത്

Axenews | സീരിയലിനെതിരായ പരാമര്‍ശത്തില്‍ പ്രേംകുമാര്‍ വെട്ടിലായോ? എന്‍ഡോസള്‍ഫാന്‍ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മിനിസ്‌ക്രീന്‍ താരസംഘടനയായ ആത്മയുടെ തുറന്ന കത്ത്

by webdesk1 on | 03-12-2024 01:02:19 Last Updated by webdesk1

Share: Share on WhatsApp Visits: 19


സീരിയലിനെതിരായ പരാമര്‍ശത്തില്‍ പ്രേംകുമാര്‍ വെട്ടിലായോ? എന്‍ഡോസള്‍ഫാന്‍ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മിനിസ്‌ക്രീന്‍ താരസംഘടനയായ ആത്മയുടെ തുറന്ന കത്ത്



തിരുവനന്തപുരം: സീരിയലുകള്‍ എന്‍ഡോസല്‍ഫാനേക്കാള്‍ വിഷലിപ്തമെന്ന പരാമര്‍ശത്തില്‍ വടികൊടുത്ത് അടി വാങ്ങിയ പോലെയായിരിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ നടന്‍ പ്രേംകുമാര്‍. സീരിയലിലൂടെ അഭിനയ രംഗത്തേക്ക് വന്ന താങ്കള്‍ ഇതേ പ്രസ്താവന നടത്തിയതിന്റെ പേരില്‍ മുന്‍പൊരിക്കല്‍ ഖേദപ്രകടനം നടത്തിയത് മറന്നുപോയോ എന്നതടക്കം പ്രേംകുമാറിനെ രൂക്ഷമായി വിമര്‍ശിച്ചും കഴിവുകേടുകള്‍ അക്കമിട്ട് നിരത്തിയും സീരിയല്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മ പുറത്തുവിട്ട തുറന്ന കത്താണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

സീരിയില്‍ അഭിനേതാക്കളുടെ അന്നം മുടക്കുന്ന പ്രസ്താവനയാണ് താങ്കള്‍ നടത്തിയിരിക്കുന്നതെന്നും ഏത് ചാനലിലാണ് താങ്കള്‍ പറഞ്ഞതു പ്രകാരമുള്ള ഉള്ളടക്കമെന്ന് വിശദീകരിക്കണമെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍ പ്രസിഡന്റായുള്ള ആത്മ എന്ന സംഘടന തുറന്ന കത്തില്‍ ആവശ്യപ്പെടുന്നു. പ്രേംകുമാറിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള കത്തിന്റെ പൂര്‍ണ രൂപം:-

സെന്‍സര്‍ഷിഷിന് വിധേയമാകാതെ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്ന അവരുടെ ഒറിജിനല്‍ കണ്ടന്റ് സിനിമകള്‍, വെബ് സീരീസുകള്‍, യുട്യൂബിലെ വിവിധതരം ഉള്ളടക്കങ്ങള്‍, റീലുകള്‍ ചമയ്ക്കുന്ന വൈകൃതങ്ങള്‍, സ്റ്റേജ് ഷോകളില്‍ നടക്കുന്ന ബോഡി ഷേമിങ്ങുകള്‍, വര്‍ണ്ണ-വര്‍ഗ അധിക്ഷേപങ്ങള്‍, അവഹേളനങ്ങള്‍ ഇതൊക്കെ താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലേ? എങ്കില്‍ അവിടെയൊന്നും ഇല്ലാത്ത എന്‍ഡോസള്‍ഫാനിസം ചില സീരിയലുകളില്‍ എന്ന് പറയുമ്പോള്‍, അത് ഏത് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എത് സീരിയലില്‍ ആണ് എന്ന് വൃക്തമാക്കേണ്ട ധാര്‍മിക ഉത്തരവാദിത്വം താങ്കളില്‍ നിക്ഷിപ്തമാണ്.

ഒരിക്കല്‍ തന്റെ ജീവിതോപാധി ആക്കിയിരുന്ന മലയാള സീരിയലുകള്‍ എന്‍ഡോസള്‍ഫാനേക്കാള്‍ വിഷലിപ്തമാണെന്ന താങ്കളുടെ പ്രസ്താവനയില്‍ ആത്മ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഇനി എന്തെങ്കിലും കുറവുകള്‍ സീരിയല്‍ രംഗത്ത് ഉണ്ടങ്കില്‍ തന്നെ, അതിന് മാതൃകാപരമായ തിരുത്തലുകള്‍ വരുത്തുവാന്‍ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് പ്രേംകുമാര്‍ ഇരിക്കുന്നത്.

സീരിയലുകളുടെ കാര്യത്തില്‍ ക്രിയാത്മകമായി പ്രതിരിക്കാതെ വെറും കയ്യടിക്കു വേണ്ടി മാത്രം മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉയര്‍ത്തിയ താങ്കളുടെ നിലപാടിനെ ആത്മ അപലപിക്കുന്നു. സീരിയലിന്റെ നിര്‍മിതി, കഥ, കഥ പറയുന്ന രീതി, കഥയില്‍ താങ്കള്‍ കണ്ടെത്തിയ സാമൂഹ്യവിപത്തുകര്‍, ദുസ്സൂചനകര്‍, വിഷലിപ്തതകള്‍ ഇവയില്‍ ഒന്നിലും ഉടപെടാനോ അഭിപ്രായം പറയുവാനോ ഉദ്ദേശ്ശിക്കപ്പെട്ടവരോ നിര്‍ദേശിക്കപ്പെടുന്നവരോ അല്ല അഭിനേതാക്കള്‍ എന്ന് ഒരു നടന്‍ എന്ന നിലയില്‍ താങ്കള്‍ക്കും വ്യക്തമായി അറിവുള്ളതാണല്ലോ.

താങ്കള്‍ പരാമര്‍ശിക്കുന്ന എന്‍ഡോസള്‍ഫാനിസം പ്രസ്താവനയുടെ പിന്നാലെ നടീനടന്മാര്‍ക്ക് തത്രപ്പെട്ട് പോകേണ്ട ആവശ്യമില്ല. എങ്കിലും, തങ്ങളുടെ അന്നം മുടക്കുന്ന പ്രവണത കണ്ടാല്‍ നിശബ്ദരായിരിക്കാനും നിര്‍വാഹമില്ല. സീരിയലിന്റെ ഉള്ളടക്കം, കഥ പറഞ്ഞു പോകേണ്ട രീതി, പ്രധാന ടെക്നീഷ്യന്‍സ്, അഭിനേതാക്കള്‍, അവരുടെ വസ്ത്രധാരണം തുടങ്ങി സീരിയലുമായിട്ട് ബന്ധപ്പെട്ട സമസ്ത കാര്യങ്ങളും വിനോദ ചാനലുകള്‍ ആണ് നിഷ്‌കര്‍ഷിക്കുന്നത്.

ആയതിനാല്‍ താങ്കളുടെ ആരോപണത്തിന്റെ കുന്തമുന ലക്ഷ്യം വെക്കുന്നത് കേരളത്തിലെ വിനോദ ചാനലുകളെയാണ്. മാത്രവല്ല, മലയാള സീരിയലുകളില്‍ 90 ശതമാനവും മറ്റ് ഭാഷകളില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരകളുടെ മൊഴിമാറ്റം (റീമേക്ക്) ആണ്. അപ്പോള്‍ താങ്കള്‍ പറയുന്ന ഈ എന്‍ഡോസള്‍ഫാന്‍, ഇന്ത്യ മൊത്തം വിതറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അവിടെ ഒന്നും സീരിയലുകള്‍ വിഷമാണെന്ന് ആരും ഇതുവരെ പറഞ്ഞു കേട്ടിട്ടുമില്ല.

സിനിമയുടെയും ടെലിവിഷന്റെയും ഉന്നമനത്തിനായുള്ള ചലച്ചിത്ര അക്കാദമിയുടെ ഉന്നത പദവി അലങ്കരിക്കുന്ന താങ്കള്‍, കഴിഞ്ഞ 4 വര്‍ഷത്തില്‍ സീരിയലുകളുടെ ഉള്ളടക്കം നന്നാക്കാനോ, മറ്റ് ഏതെങ്കിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയോ ഒരു മീറ്റിംഗ് പോലും സംഘടിപ്പിച്ചതായി ആര്‍ക്കും അറിയില്ല. വിലകുറഞ്ഞ പ്രസ്താവനകര്‍ക്ക് പകരം, ടെലിവിഷന്‍ മേഖലയുടെ ഉന്നമനത്തിനായുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ ഇനിയെങ്കിലും താങ്കളില്‍ നിന്നും ഉണ്ടാകുമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.

കൂടുംബത്തിലെ പ്രായമായ നല്ലൊരു ശതമാനം സ്ത്രീകളുടെയും പുരുഷന്മാരുടെയും ഏറ്റവും കുറഞ്ഞ ചെലവില്‍ ആസ്വദിക്കാവുന്ന ഒരു വിനോദോപാധി ആണ് സീരിയല്‍ എന്ന സത്യം ദയവുചെയ്ത് മറക്കരുത്. അവരവര്‍ക്ക് ഇഷ്ടപ്പെടുന്ന സീരിയലുകള്‍ മാത്രം കാണുവാനും, ഒന്നും കാണാതിരിക്കുവാനും ഉള്ള സ്വാതന്ത്ര്യം വിരല്‍ത്തുമ്പില്‍ റിമോട്ട് കണ്‍ട്രോള്‍ മുഖേന എല്ലാവര്‍ക്കും ഉണ്ടല്ലോ?

ഒരു സീരിയലില്‍ 60 ഓളം ആളുകള്‍ (അഭിനേതാക്കള്‍, ടെക്നീഷ്യന്‍സ്, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്നീഷ്യന്‍സ്, സപ്പോര്‍ട്ട് സര്‍വീസ് മേഖല, ഡ്രൈവേഴ്സ്, മാനേജ്മെന്റ് സ്റ്റാഫ് എന്നിങ്ങനെ) വീതം പങ്കെടുക്കുന്ന 40 ഓളം സീരിയലുകളിലൂടെ നിരവധി സാധാരണക്കാരായ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണ് മലയാള സീരിയല്‍ മേഖല. പെന്‍ഷന്‍, പ്രോഡന്‍ന്റ് ഫണ്ട്, ഇന്‍ഷ്വറന്‍സ്, ഗ്രാറ്റിവിറ്റി, ബോണസ് തുടങ്ങി ഒരു ലൈഫ് സെക്യൂരിറ്റിയും തൊഴിലുറപ്പും ഇല്ലാത്ത സീരിയല്‍ മേഖലയിലെ ഒരുപറ്റം സാധാരണക്കാരുടെ ഉപജീവന മാര്‍ഗത്തിന്റെ മുകളിലാണ് താങ്കള്‍ ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ വിതറിയിരിക്കുന്നത്..!

ആത്മയിലെ ഒരു മുതിര്‍ന്ന അംഗം കൂടിയായ താങ്കള്‍, മുന്‍പ് ഒരു അവസരത്തില്‍, ഇതേ പ്രസ്താവന നടത്തിയ പശ്ചാത്തലത്തില്‍, ആത്മ പ്രസിഡന്റ് കെ.ബി. ഗണേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച ജനറല്‍ബോഡിയില്‍ താങ്കള്‍ ഖേദപ്രകടനം നടത്തിയ കാര്യം മറന്നുപോയിട്ടില്ല എന്ന് കരുതുന്നു. താങ്കളുടെ വിമര്‍ശനം ആത്മാര്‍ത്ഥമായിട്ടുള്ളതാണെങ്കില്‍, സീരിയല്‍ സംപ്രേഷണം ചെയ്യുന്ന എല്ലാ ചാനലുകളെയും മറ്റ് ടെലിവിഷന്‍ പ്രവര്‍ത്തകരെയും ഔദ്യോഗികമായി വിളിച്ചു വരുത്തി, കഥകളിലെ എന്‍ഡോസള്‍ഫാനിസം ഒഴിവാക്കി, സംശുദ്ധമായ പരമ്പരകള്‍ പ്രേക്ഷകര്‍ക്കു നല്‍കുവാന്‍ വേണ്ട നടപടികള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ ഉടനടി താങ്കള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും തുറന്ന കത്തില്‍ പറയുന്നു.

Share:

Search

Recent News
Popular News
Top Trending

Leave a Comment