by webdesk1 on | 04-12-2024 08:34:15
കൊല്ലം: രണ്ട് വര്‍ഷം മുന്‍പ് കാഞ്ഞിരപ്പള്ളി പേട്ട കവലയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ മാങ്ങാമോഷണത്തിന്റെ നാണക്കേട് മാറും മുന്‍പേ കള്ളവാറ്റുകാരന്റെ വീട്ടില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ നടത്തിയ മോഷണമാണ് ഇപ്പോള്‍ സേനയെ മാനക്കേടിലാക്കിയിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് കൊല്ലം ചിതറിയില്‍ നടന്ന മോഷണത്തിന്റെ കഥയാണിത്. പ്രതിയായത് ചടയമംഗലം എക്‌സൈസ് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍.
കള്ളവാറ്റ് നടക്കുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിതറയില്‍ ഒരു വീട്ടില്‍ നടത്തിയ റെയ്ഡിനിടെയാണ് വിവാദമായ മോഷണം നടന്നത്. 2023 ഡിസംബര്‍ ഒന്നിനായിരുന്നു സംഭവം. രാത്രിയോടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വാറ്റ് ഉപകരണങ്ങള്‍ പിടികൂടി. തുടര്‍ന്ന് ചിതറ മാങ്കോട് തെറ്റിമുക്ക് സ്വദേശിയായ അന്‍സാരിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
42 ദിവസത്തെ റിമാന്‍ഡിന് ശേഷം അന്‍സാരി ജാമ്യത്തിലിറങ്ങി. വീട്ടിലെത്തിയതിന് പിന്നാലെയാണ് വീട്ടിലെ കിടപ്പ് മുറിയിലെ മെത്തയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന 5 പവന്‍ സ്വര്‍ണമാലയും പത്ത് ഗ്രാം തൂക്കം വരുന്ന ലോക്കറ്റും മോഷണം പോയതായി മനസിലാക്കിയത്. ഇതിന് പുറമെ മൊബൈല്‍ ഫോണും ഒരു ടോര്‍ച്ച് ലൈറ്റും മോഷണം പോയിരുന്നു. തുടര്‍ന്ന് അന്‍സാരി ചിതറ പോലീസില്‍ പരാതി നല്‍കി.
ഒരു കള്ളവാറ്റുകാരന്റെ പരാതി എന്ന നിലയില്‍ പോലീസ് ആദ്യം ഇതിന് വലിയ പ്രാധാന്യം നല്‍കിയില്ല. തുടര്‍ന്ന് അന്‍സാരി കൊട്ടാരക്കര റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ഇതിന് പിന്നാലെ ചിതറ പോലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം അത്ര കാര്യക്ഷമമായിരുന്നില്ല. പരാതിയില്‍ കഴമ്പില്ലെന്ന് കാട്ടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
ഇതിനെതിരെ അഭിഭാഷകന്റെ സഹായത്തോടെ അന്‍സാരി കടയ്ക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി ഫയല്‍ ചെയ്തു. പോലീസ് ശരിയായ രീതിയില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും കേസ് ഡയറി കോടതിയില്‍ ഹാജരാക്കണമെന്നുമായിരുന്നു അന്‍സാരിയുടെ പരാതിയിലെ ആവശ്യം. തുടര്‍ന്ന് പോലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
ഇതിനിടെയാണ് അന്‍സാരിയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കൈവശം വച്ചിരുന്നത് ചടയമംഗലം എക്‌സൈസ് ഓഫിസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇളമ്പഴന്നൂര്‍ സ്വദേശി ഷൈജുവാണ് തിരിച്ചറിഞ്ഞത്. ഇതോടെ ഇയാളെ ചിതറ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. മോഷണം നടത്തിയത് താനാണെന്ന് സമ്മതിച്ചതോടെ അറസ്റ്റും രേഖപ്പെടുത്തി. അതേസമയം മോഷ്ടിച്ചെന്ന് പറയുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താനായിട്ടില്ല. ഇത് കണ്ടെത്താനുളള ശ്രമത്തിലാണ് ചിതറ പോലീസ്.