by webdesk1 on | 04-12-2024 10:21:56 Last Updated by webdesk1
തിരുവനന്തപുരം: തൊഴിലാളിവര്‍ഗ പ്രത്യേശാസ്ത്രത്തില്‍ രൂപംകൊണ്ട് വളര്‍ന്ന കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നെത്തി നില്‍ക്കുന്ന വലതുപക്ഷ വ്യതിയാനത്തിന്റെ പ്രകടമായ ഉദാഹരണങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളും. പ്രത്യേശാസ്ത്രപരമായി പാര്‍ട്ടി മുന്‍പ് എതിര്‍ത്തിരുന്ന എല്ലാത്തിനേയും ഇപ്പോള്‍ ന്യായീകരിക്കുക മാത്രമല്ല അത് നടപ്പില്‍ വരുത്തുക കൂടിയാണ്. അതിനും പുറമേയാണ് അധികാര തര്‍ക്കത്തിന്റെ പേരില്‍ പാര്‍ട്ടി വിട്ടുപോകുന്നവരുടെ രാഷ്ട്രീയ താവളം കണ്ടെത്തലും.
പാര്‍ട്ടി വിട്ടു പുറത്തുവരുന്ന നേതാക്കളും അണികളും ബി.ജെ.പിയെയാണ് തങ്ങളുടെ ആദ്യ ചോയിസായി കാണുന്നത്. ഇടതുപക്ഷ ആശയങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്ന ഒരു കമ്മ്യൂണിറ്റുകാരന് തീവ്ര വലതുപക്ഷ ചിന്താധാരയിലേക്ക് വേഗത്തില്‍ ചുവടുമാറാന്‍ കഴിയുമോയെന്ന തര്‍ക്കം അവിടെ നിര്‍ത്തിയാല്‍, അണികളിലെ ചുവടുമാറ്റം കേവലം ആശയപരമല്ല എന്ന് കാണാം.
തീര്‍ച്ചയായും വൈകാരികമായ പകരംവീട്ടലാണ് ഇത്തരം ചുവടുമാറ്റങ്ങള്‍ക്ക് പിന്നില്‍. അത് പാര്‍ട്ടിക്കെതിരായ ഒന്നാകണമെന്നില്ല പകരം നേതാക്കള്‍ക്കെതിരെയോ പാര്‍ട്ടി സംവിധാനങ്ങള്‍ക്ക് എതിരെയോ ഉള്ള വൈകാരികമായ പ്രതികരണമാകാം. എങ്കിലും അവര്‍ക്ക് എളുപ്പത്തില്‍ ബി.ജെ.പിയിലേക്ക് എത്തിച്ചേരാന്‍ കഴിയും വിധം പാര്‍ട്ടിയില്‍ വലതുപക്ഷ വ്യതിയാനം പൂര്‍ണമായിരിക്കുന്നു എന്നതാണ് സത്യം.
പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷമാണ് ഇത്തരത്തിലൊരു വലതുപക്ഷ വ്യതിയാനത്തിലേക്ക് പാര്‍ട്ടി മാറിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ തൊഴിലാളിവര്‍ഗ കാഴ്ചപ്പാടില്‍ തന്നെ മാറ്റം വന്നു. മുതലാളിമാരുടെ ഇഷ്ടക്കാരായി സി.പി.എം നേതാക്കള്‍ മാറുന്നു. അവരുടെ താല്‍പര്യങ്ങളുടെ സംരക്ഷകരായി പാര്‍ട്ടി തന്നെ മാറുന്ന സ്ഥിതിയുണ്ടാകുന്നു. ഇതിനെതിരെ ഒരു വിഭാഗം കമ്യൂണിസ്റ്റുകാര്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും അവര്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് പോകുകയോ പുറത്താക്കപ്പെടുകയോ ആണ് സംഭവിക്കുന്നത്. ഇവരെ പിന്നീട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ കോലായകളില്‍ കാണാറില്ല.
എന്നാല്‍ പാര്‍ട്ടിയുടെ പുത്തന്‍ ആശങ്ങളുടെ പരിലാളനങ്ങള്‍ അനുഭവിച്ചുവന്ന നേതാക്കള്‍ക്ക് ഇതുപക്ഷ ആശയങ്ങളേക്കാള്‍ വലതുപക്ഷ ആശയങ്ങളോടാണ് പ്രിയം. നാടിന്റെ വികസനം മുതലാളിത്ത കാഴ്ചപ്പാടിലൂടെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്. കണ്ണിന് മുന്നില്‍ കാണുന്നത് മാത്രമാണ് വികസനമെന്ന് ഇവര്‍ വ്യാഖ്യാനിക്കുന്നു. എന്നിട്ട് വലിയ പദ്ധതികള്‍ അഭിമാനത്തോടെ അവതരിപ്പിച്ച് അതില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അതിനായി അധികാര കസേരകളെ ധാര്‍മികതയുടെ തരുമ്പ് ലേശമില്ലാതെ പിടിച്ചു നിര്‍ത്തുന്നു. ഇതിനിടെയിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ ചിലരെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്നു.
അടുത്തിടെ പാര്‍ട്ടി വിട്ട കായംകുളം ഏരിയാ കമ്മിറ്റി അംഗം ബിപിന്‍ ബാബുവും തിരുവനന്തപുരം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിയും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുന്നതായി പോയത് ബി.ജെ.പിയിലേക്കാണ്. ഇതിനു പിന്നാലെ ഡി.വൈ.എഫ്.ഐ അംഗമായ മധുവിന്റെ മകനും ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി വര്‍ഗീയ ശക്തികളുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ചായിരുന്നു ഇരുവരും പാര്‍ട്ടി വിട്ടത്. ഇതിനെ പാര്‍ട്ടി നേരിട്ടത് ഭീഷണിപ്പെടുത്തിയും കേസില്‍പ്പെടുത്തിയുമൊക്കെയാണ്.
പാര്‍ട്ടി വിട്ട ബിപിന്‍ ബാബുവിനെതിരെ സ്വന്തം ഭാര്യയെ മുന്‍നിര്‍ത്തിയാണ് സി.പി.എം കേസില്‍ കുടുക്കിയത്. മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവും ഡി.വൈ.എഫ്.ഐ അംഗവുമാണ് ഭാര്യ മിനിസ. സ്ത്രീധനത്തിന്റെ പേരില്‍ ശാരീരികമായി ഉപദ്രവിച്ചു, പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് മര്‍ദിച്ചു തുടങ്ങിയ പരാതികളിലാണ് മിനിസ ബിപിനെതിരെ പോലീസില്‍ നല്‍കിയിരിക്കുന്നത്. പാര്‍ട്ടി വിട്ടുപോയതിന്റെ വൈരാഗ്യത്തില്‍ തനിക്കെതിരെ കള്ളക്കേസെടുത്തിരിക്കുകയാണെന്ന് കാട്ടി ബിപിന്‍ ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയുമാണ്.