by webdesk1 on | 04-12-2024 09:00:21
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഏറെ വിവാദമായിരുന്ന നീല ട്രോളി ബാങ്ക് ഒരിക്കല്‍ കൂടി കണ്ടതിന്റെ സന്തോഷത്തിലായിരുന്നു നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍. പുതിയ എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നല്‍കുന്ന ഭരണഘടന അടങ്ങിയ ബാഗിന് പകരം ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിലും യു.ആര്‍. പ്രദീപിനും സ്പീക്കര്‍ സമ്മാനിച്ചത് പാലക്കാട് വിവാദമായ അതേ നിറത്തിലുള്ള ട്രോളി ബാഗാണ്.
സത്യപ്രതിജ്ഞയ്ക്കിടെ നല്‍കാതെ ബാഗ് നേരെ എം.എല്‍.എ ഹോസ്റ്റലിലേക്ക് കൊടുത്തയയ്ക്കുകയായിരുന്നു. സംഭവം വലിയ വാര്‍ത്തയായതോടെ രാഹുലിനെ സ്പീക്കര്‍ ട്രോളിയതാണോ എന്നതടക്കം സാമൂഹ്യമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്ന കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഭരണഘടന, നിയമസഭാ ചട്ടങ്ങള്‍ എന്നിവ സംബന്ധിച്ച പുസ്തകങ്ങളായിരുന്നു ബാഗില്‍ ഉണ്ടായിരുന്നത്.
എല്ലാ പുതിയ എം.എല്‍.എമാര്‍ക്കും ഭരണഘടന അടങ്ങിയ ബാഗ് നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ ആകസ്മികമായി നീല നിറം ആയതാണെന്നാണ് സ്പീക്കറുടെ ഓഫീസിന്റെ വിശദീകരണം. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഇന്ന് രാവലെ ആയിരുന്നു ഇരുവരുടെയും സത്യപ്രതിജ്ഞ. തുടര്‍ന്ന് എം.എല്‍.എ ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് ബാഗ് സമ്മാനിച്ചത്.
നിറഞ്ഞ സദസിലായിരുന്നു ഇരുവരുടേയും സത്യപ്രതിജ്ഞ നടന്നത്. യു.ആര്‍. പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ. നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സത്യവാചകം ചൊല്ലികൊടുത്തു.
രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണിയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. പാലക്കാടന്‍ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എംപിമാരായ ഷാഫി പറമ്പിലും വി.കെ. ശ്രീകണ്ഠനും രാഹുലിനൊപ്പമുണ്ടായിരുന്നു. പാളയം യുദ്ധസ്മാരകത്തില്‍ നിന്ന് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ജാഥയായാണ് രാഹുല്‍ സഭാ മന്ദിരത്തിലെത്തിയത്.