by webdesk1 on | 03-12-2024 10:48:01
കൊല്ലം: കൊല്ലം നഗര മധ്യത്തില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെയും സുഹൃത്തിനെയും ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി. കൊല്ലം ചെമ്മാംമുക്കില്‍ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. ദേഹമാസകലം പൊള്ളലേറ്റ ഭാര്യ കൊട്ടിയം സ്വദേശി അനില മരിച്ചു. ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവിനും ദേഹമാസകലം പൊള്ളലേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവത്തില്‍ അനിലയുടെ ഭര്‍ത്താവ് പത്മരാജനെ ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ബേക്കറിയിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. നഗരത്തിലെ ആശ്രാമം പരിസരത്ത് അടുത്തിടെ അനില തുടങ്ങിയ ബേക്കറിയില്‍ അനിലയുടെ ആണ്‍സുഹൃത്തിനുണ്ടായിരുന്ന പങ്കാളിത്തമായിരുന്നു തര്‍ക്കത്തിന് കാരണം. പാര്‍ട്ണര്‍ഷിപ്പ് ഒഴിയണമെന്നു പത്മരാജന്‍ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും ആദ്യം കൂട്ടാക്കിയില്ല.
ബേക്കറിക്കുവേണ്ടി മുടക്കിയ പണം തിരികെ നല്‍കിയാല്‍ കടയിലെ പാര്‍ട്ണര്‍ഷിപ്പ് വിടാമെന്നാണ് അനിലയുടെ സുഹൃത്ത് പറഞ്ഞു. ഇതേ ചൊല്ലി ബക്കറിയില്‍ വച്ച് വാക്കേറ്റവും തുടര്‍ന്ന് പത്മരാജനുമായി കൈയ്യേറ്റവും ഉണ്ടായി. ഇതിനിടെ പാര്‍ട്നര്‍ഷിപ്പ് തുക ഡിസംബര്‍ 10ന് തിരികെ തരാമെന്ന രീതിയില്‍ ഒത്തുതീര്‍പ്പും നടന്നു.
എന്നാല്‍ ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച്ച രാത്രിയോടെ അനിലയെ പിന്തുടര്‍ന്നെത്തിയ പത്മരാജന്‍ കാര്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി വാഹനത്തിന് മേല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. കടയിലെ ജീവനക്കാരനായ സോണിയെ വീട്ടില്‍ കൊണ്ടുവിടാന്‍ പോകുമ്പോഴായിരുന്നു ആക്രമണം. അതേസമയം അനിലയുടെ സുഹൃത്തായ യുവാവെന്ന് തെറ്റിദ്ധരിച്ചാണ് സോണിയ്ക്ക് നേരെ പത്മരാജന്‍ പെട്രോള്‍ ഒഴിച്ചതെന്നാണ് പോലീസ് പറയുന്നത്.
രണ്ട് വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. പോലീസും ഫയര്‍ ഫോഴ്‌സും എത്തിയാണ് തീയണച്ചത്. പിന്നീടാണ് അനിലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.