by webdesk1 on | 03-12-2024 09:06:52
മാനന്തവാടി: തള്ളിമറിക്കലുകള്‍ക്ക് അപ്പുറം കേരളത്തിന്റെ ആരോഗ്യ മേഖല എവിടെ എത്തി നില്‍ക്കുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് വയനാട്ടില്‍ വിദേശ വനിതയുടെ മൃതദേഹം ആംബുലന്‍സില്‍ കണ്ടെത്തിയ സംഭവം. ഒരാഴ്ചയായി മൃതദേഹം ആംബുലന്‍സില്‍ സൂക്ഷിച്ചിരിക്കുകായിരുന്നുവെന്നതാണ് കേരളത്തെ ആകെ ഞെട്ടിച്ച സംഭവമാണ്. ആശുപത്രികളില്‍ സൂക്ഷിക്കാന്‍ സൗകര്യമില്ല എന്ന കാരണത്താലാണ് വീട്ടിലെ ഷെഡ്ഡില്‍ ആംബുലന്‍സില്‍ മൃതദേഹം സൂക്ഷിച്ചതെന്ന് ഡ്രൈവര്‍ പറയുമ്പോള്‍ അത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ മുഖത്തേറ്റ അടിയായിരുന്നു.
ഇത്തരത്തില്‍ ആംബുലന്‍സില്‍ മൃതദേഹം സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയാമായിരുന്നിട്ടും പോലീസ് നടപടി എടുക്കാതിരുന്നത് ഗുരതരമായ കൃത്യവിലോപമാണെന്ന ആക്ഷേപമാണ് ബി.ജെ.പിയും യൂത്ത് കോണ്‍ഗ്രസും ഉന്നയിക്കുന്നത്. മരണം സംഭവിച്ച വിവരം നിയമപരമായി പോലീസിനെ അറിയിച്ചിരിക്കണം. പിന്നീട് മൃതദേഹം എവിടെ കൊണ്ടുപോയി എന്തു ചെയ്തു എന്നത് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം പോലിസിനുണ്ട്. പ്രത്യേകിച്ച് മരിച്ചത് ഒരു വിദേശ വനിതയായിരിക്കെ. ഇതു ചെയ്യാതിരുന്നതാണ് പോലീസിന്റെ ഭാഗത്തുണ്ടായ ഗുരുത വീഴച്ചയെന്നും ബി.ജെ.പിയും യൂത്ത് കോണ്‍ഗ്രസും ആരോപിച്ചു.
കഴിഞ്ഞ മാസം 20ന് പുലര്‍ച്ചെയോടെയാണ് കാമറൂണ്‍ സ്വദേശി മോഗ്യും ക്യാപ്റ്റു പാല്‍വെളിച്ചം ആയുര്‍വേദ യോഗാവില്ല റിസോര്‍ട്ടില്‍ മരിച്ചത്. മരണം സ്ഥിരീകരിക്കാന്‍ ആയുര്‍വേദ കേന്ദ്രത്തില്‍ അംഗീകൃത ഡോക്ടര്‍മാരുണ്ടായില്ല. പകരം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകുന്നതിനായി പോലീസിന്റെ സാന്നിധ്യത്തിലല്ലാതെ മൃതദേഹം ആംബുലന്‍സ് ഡ്രൈവര്‍ക്ക് കൈമാറി.
മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് ആംബുലന്‍സ് ഡ്രൈവര്‍ മൃതദേഹം കൊണ്ടു പോയത്. എന്നാല്‍ ഒരാഴ്ച ആംബുലന്‍സ് ഡ്രൈവറുടെ വീടിനോട് ചേര്‍ന്ന ഷെഡിലാണ് മൃതദേഹം സൂക്ഷിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളജില്‍ സൗകര്യങ്ങളുണ്ടായിട്ടും മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോയത് എന്തിനാണെന്നാണ് സംശയം. വിഷയത്തില്‍ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് ബിജെപിയും യൂത്ത് കോണ്‍ഗ്രസും പോലീസില്‍ പരാതി നല്‍കി.
എന്നാല്‍ വിഷയത്തില്‍ വീഴ്ചയില്ലെന്നാണ് പോലീസിന്റെ വിശദീകരണം. മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. സ്വകാര്യ ആശുപത്രികളെ ബന്ധപ്പെട്ടപ്പോള്‍ വിദേശ വനിതയായതിനാല്‍ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവരും തയാറായില്ല. വിദേശത്തേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ആംബുലന്‍സില്‍ സൂക്ഷിച്ചതെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരുടെ വിശദീകരണം. മൃതദേഹം പിന്നീട് എംബാം ചെയ്ത് സ്വദേശത്തേക്ക് അയച്ചു.