by webdesk1 on | 03-12-2024 08:49:42
തിരുവനന്തപുരം: ദൂര്‍ത്തും ദുര്‍ച്ചെലവും തെറ്റായ സാമ്പത്തിക നയങ്ങളുമെല്ലാം കടക്കെണിയില്‍ കൊണ്ടെത്തിച്ച കെ.എസ്.ഇ.ബിയെ കരകയറ്റാന്‍ ജനത്തിന് മേല്‍ അമിത ഭാരം കെട്ടിവയ്ക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് വൈദ്യുതി മന്ത്രിയുടെ പ്രസ്താവന. വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ വെള്ളം കിട്ടുന്നില്ലെന്ന വാദമാണ് പ്രതിസന്ധിക്ക് കാരണമായി ഇവര്‍ പറയുന്നത്. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധമാകും നിരക്ക് വര്‍ധിപ്പിക്കുകയെന്ന് സര്‍ക്കാര്‍ പറയുമ്പോഴും യൂണിറ്റിന് 34 പൈസ വീതം കൂട്ടാനാണ് കെ.എസ്.ഇ.ബിയുടെ നീക്കം.
സാങ്കേതികമായി റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് വര്‍ധനവ് സംബന്ധിച്ച് തീരുമാനം എടുക്കുന്നത്. എങ്കിലും ബോര്‍ഡിന് അനുകൂലമായ നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചുവരാറുള്ളത്. ജില്ലകള്‍ തോറും ചടങ്ങുപോലെ നടത്തുന്ന ഹിയറിങുകളില്‍ ഉപഭോക്താക്കളുടെ പരാതികളും പ്രശ്‌നങ്ങളും സഹിഷ്ണതയോടെ കേള്‍ക്കാനുള്ള മനസുപോലും കമ്മീഷന്‍ കാട്ടാറില്ലെന്ന ആക്ഷേപമുണ്ട്. പകരം ബോര്‍ഡ് മുന്നോട്ട് വയ്ക്കുന്ന കണക്കുകള്‍ പ്രകാരമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയാറാക്കുന്നത്.
ഇത്തരത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ നിരക്ക് വര്‍ധനവിനായി കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുക. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും. നിരക്ക് വര്‍ധിപ്പിക്കാതെ മറ്റ് മാര്‍ഗമില്ലെന്ന് സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്ന ഒരു മന്ത്രി തന്നെ പറയുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ ഒന്നും സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പാണ്.
കെ.എസ്.ഇ.ബി.യുടെ ദൈനംദിനചെലവുകള്‍ക്കായി മാസം 400 കോടിവരെ വലിയ പലിശയ്ക്ക് ഓവര്‍ ഡ്രാഫ്റ്റ് എടുക്കേണ്ട അവസ്ഥയിലാണ് സ്ഥാപനം മുന്നോട്ട് നീങ്ങുന്നതെന്ന് ചെയര്‍മാന്‍ ഡോ. ബിജു പ്രഭാകര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വൈദ്യുതി ഉത്പാദനം ദിനംപ്രതി കുറഞ്ഞുവരികെയാണ്. വളരെയധികം മഴലഭിച്ച ഈ വര്‍ഷത്തെ സ്ഥിതി ഇതാണെങ്കില്‍ വരുംവര്‍ഷങ്ങളില്‍ കേരളം ഇരുട്ടിലാവുമെന്ന കാര്യത്തില്‍ സംശയമില്ല.
ശരാശരി 150 കോടി മാത്രം മാസവരുമാനമുള്ള കെ.എസ്.ഇ.ബിയില്‍ 1950 കോടിയോളം ഒരു മാസം ചിലവ് വരാറുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പടെയുള്ള കണക്കാണിത്. ഓരോ മാസവും വൈദ്യുതിവാങ്ങാന്‍ 900 കോടിരൂപ വേണം. വായ്പ തിരിച്ചടയ്ക്കാന്‍ 300 കോടിയും. ഈ നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള ചെലവ് ഈ വര്‍ഷം 14,000 കോടിയായി ഉയരും.
ആസൂത്രണമില്ലായ്മയുമാണ് കെ.എസ്.ഇ.ബിയെ ഈ നിലയില്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. മഴക്കാലത്തു പോലും വൈദ്യുതി ഉത്പാദനം കുറയണമെങ്കില്‍ അത് കാര്യശേഷി ഇല്ലായ്മയുടെ തെളിവാണ്. ഇതിനെ മറികടക്കാന്‍ ജനത്തിന് മേല്‍ അമിത ഭാരം കെട്ടിവയ്ക്കുകയെന്ന പോംവഴിയേ ബോര്‍ഡിന്റെ ആലോചനകളിലുള്ളു. പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിച്ചും സ്വകാര്യപങ്കാളിത്തത്തോടെയും പദ്ധതികള്‍ നടപ്പാക്കാനുള്ള നയപരമായ മാറ്റങ്ങളും കെ.എസ്.ഇ.ബി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇതും ഉപഭോക്താക്കള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഭാരം ഇരട്ടിയാക്കുകയേ ഉള്ളൂ.