by webdesk1 on | 09-09-2024 11:58:43
തിരുവനന്തപുരം: അനിഷ്ടക്കാരെ അകറ്റി നിര്‍ത്തിയും കുഴലൂത്തുകാരെ എന്ത് കൊള്ളരുതായ്മ കാണിച്ചാലും കൂടെ നിര്‍ത്തിയും ഒരു പ്രത്യേക തരം പ്രീണനമാണ് പിണറായി വിജയന്‍ സര്‍ക്കാരിനെന്ന് കഴിഞ്ഞ ആറേഴ് വര്‍ഷമായി കേരളം കണ്ട് ബോധ്യപ്പെട്ട കാര്യമാണ്. അഴിമതിയുടെ കറപുരളാത്ത സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് ഈ സര്‍ക്കാരിന്റെ പിന്നാമ്പുറത്താകും സ്ഥാനം. എന്നാല്‍ എ.ആര്‍. അജിത്കുമാറിനെ പോലെ അഴിമതിയും ക്രിമില്‍ കുറ്റാരോപണങ്ങളും ചാര്‍ത്തി നില്‍ക്കുന്ന ഉദ്യോഗസ്ഥരെ പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷിക്കും.
സ്വര്‍ണക്കടത്തിന് കൂട്ടുനിന്നു എന്ന് തുടങ്ങി തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആര്‍.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി എന്നതടക്കം ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് സര്‍ക്കാര്‍ മാറ്റിയിട്ടില്ല. മാത്രമല്ല എ.ഡി.ജി.പി ചെയ്തതില്‍ എന്താണ് തെറ്റെന്നാണ് പാര്‍ട്ടി നേതാക്കളും സ്പീക്കറുമൊക്കെ ചോദിക്കുന്നത്.
എന്നാല്‍ മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും കണ്ണിലെ കരടായി എന്നതിന്റെ പേരില്‍ മാത്രം മൂന്ന് തവണ സസ്‌പെന്‍ഷന്‍ ചെയ്യപ്പെട്ട മറ്റൊരു ഡിജിപി സംസ്ഥാനത്ത് ഉണ്ടായിരുന്നു. ഡോ. ജേക്കബ് തോമസ്. അതിന് കണ്ടെത്തിയ കാരണങ്ങളാണ് രസം.
സര്‍ക്കാരിന്റെ ഓഖി രക്ഷാപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചു എന്നായിരുന്നു ജേക്കബ് തോമസിന്റെ ആദ്യ സസ്‌പെന്‍ഷന് കാരണമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പ് കണ്ടെത്തിയത്. ആറു മാസം കഴിഞ്ഞപ്പോള്‍ പുസ്തകത്തിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് രണ്ടാമത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചു. ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ ആയിരിക്കേ ഡ്രജര്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മൂന്നാമത്തെ സസ്‌പെന്‍ഷന്‍.
ഇത്രയും സീനിയറായ ഉദ്യോഗസ്ഥനെ ഏറെക്കാലം സസ്പെന്‍ഷനില്‍ നിര്‍ത്താന്‍ കഴിയില്ലെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയെത്തുടര്‍ന്ന് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ആഭ്യന്തര വകുപ്പു ശുപാര്‍ശ നല്‍കി. ട്രൈബ്യൂണല്‍ വിധി വന്നിട്ടും ആദ്യം സര്‍ക്കാര്‍ അനുസരിച്ചില്ല. തുടര്‍ന്നു ജേക്കബ് തോമസ് വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണല്‍ സര്‍ക്കാരിന്റെ വിശദീകരണം ചോദിച്ചതിനു പിന്നാലെയാണു തിരിച്ചെടുത്തത്.
സീനിയര്‍ ഡിജിപിയായിട്ടും പ്രധാന തസ്തിക നല്‍കാതെ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറാക്കി. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സ്ഥാപനത്തിന്റെ തലപ്പത്ത് ആദ്യമായാണ് ഐ.പി.എസ് ഉദ്യോഗസ്ഥനെ നിയമിച്ചത്. വിരമിച്ചതിനു പിന്നാലേ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചെങ്കിലും ലഭിച്ചില്ല. നാല് വര്‍ഷമായി വിരമിക്കല്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണ്. ഇതിനെതിരെ ജേക്കബ് തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്.