by webdesk1 on | 21-09-2024 06:50:36 Last Updated by webdesk1
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് നോവിക്കാതെയുള്ള മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ നല്‍കിയത്. മുഖ്യമന്ത്രിയെ ചിലര്‍ തെറ്റിധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രിയെ പൊട്ടകിണറ്റില്‍ ചാടിക്കാന്‍ നില്‍ക്കുന്നവരാണ് അദ്ദേഹത്തിന്റെ കൂടെയുള്ളതെന്നുമാണ് പി.ശശിയെ ഉന്നംവച്ചുകൊണ്ട് അന്‍വര്‍ പറഞ്ഞത്. മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫോണ്‍ ചോര്‍ത്തല്‍ പുറത്തുവിട്ടത് ചെറ്റത്തരമെന്ന് പറഞ്ഞുകൊണ്ടാണ്. എന്നാലത് ജന നന്മ ലക്ഷ്യമിട്ട് ചെയ്തതാണ്. പോലീസിലെ മനോവീര്യം തകരുന്നവര്‍ 45 ശതമാനം വരുന്ന ക്രിമിനലുകള്‍ക്കാണ്. മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ മാറുമ്പോള്‍ നിലപാട് മാറുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ആരോപണം ഉന്നയിച്ചത് പോലീസിലെ വളരെ കുറച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പോലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെയാണ് തന്റെ പോരാട്ടം. അത് തുടരും. തന്റെ ആരോപണത്തില്‍ പോലീസിലെ ക്രിമിനലുകളുടെ മനോവീര്യമാണ് തകര്‍ന്നതെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണ കള്ളക്കടത്തിലെ പ്രതികളെ മഹത്വവത്കരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ്. ആ കേസില്‍ അന്വേഷണം നടക്കണം. പോലീസ് കൊടുത്ത റിപ്പോര്‍ട്ടിനെ വിശ്വസിച്ചാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. എയര്‍പോര്‍ട്ടിന്റെ മുന്നില്‍ വച്ചാണ് സ്വര്‍ണ്ണം പിടികൂടുന്നത്. ഉടനെ കസ്റ്റംസിനെ വിവരം അറിയിക്കണം എന്നാണ് നിയമം. എന്നാല്‍ പോലീസ് ആ സ്വര്‍ണ്ണം പുറത്തേക്ക് കടത്തുകയാണ് ചെയ്തത്.
സ്വര്‍ണ്ണം കൊണ്ടുവന്ന ആളുകള്‍ തെളിവുകള്‍ തരുന്നില്ല. എഡിജിപി ക്രമസമാധാന ചുമതലയില്‍ തുടരുന്നതില്‍ അവര്‍ക്ക് ഭയമുണ്ട്. സ്വര്‍ണ്ണ കള്ളക്കടത്തുകാര്‍ നികുതിയാണ് വെട്ടിക്കുന്നത്. അല്ലാതെ കളവ് മുതലല്ല ഇത്. കസ്റ്റംസിന്റെ പണി എന്തിനാണ് പോലീസ് എടുക്കുന്നത്? ഇവിടെയാണ് പോലീസിന്റെ കള്ളത്തരം. ഈ പറഞ്ഞ 170 ഓളം സ്വര്‍ണ്ണ കള്ളക്കടത്ത് കേസുകള്‍ എല്ലാമൊന്നും നിലനില്‍ക്കില്ല. പി.ശശി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് അങ്ങനെ പറയിപ്പിച്ചത്. സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അതുകൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.
ഞാന്‍ പഴയ കോണ്‍ഗ്രസ്സ്‌കാരന്‍ തന്നെയാണ്. ഇ.എം.എസ് പഴയ കോണ്‍ഗ്രസുകാരനല്ലേ?. മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് എം.ആര്‍. അജിത് കുമാറിന്റെ പ്രസ്താവന. തന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. പാര്‍ട്ടിക്ക് വേണ്ടെന്ന് തോന്നുന്നത് വരെ താന്‍ പാര്‍ട്ടിയില്‍ നിന്ന് പോരാടുമെന്നും അന്‍വര്‍ പറഞ്ഞു.