by webdesk1 on | 27-11-2024 07:45:01 Last Updated by webdesk1
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനെക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ എണ്ണിയതായി ആക്ഷേപം. ഫലത്തില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചു.
നവംബര്‍ 23 ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്രയിലെ വോട്ടര്‍മാരുടെ ഡാറ്റ വിശകലനം ചെയ്തപ്പോഴാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയത്.
ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 64,088,195 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ 66.05 ശതമാനമായിരുന്നു അന്തിമ വോട്ടിംഗ് ശതമാനം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 64,592,508 വോട്ടുകളാണെന്നാണ് കണക്ക്. അങ്ങനെയാണെങ്കില്‍ തിരഞ്ഞെടുപ്പ് ദിവസം പോള്‍ ചെയ്ത വോട്ടിനെക്കാള്‍ 504,313 അധികം വോട്ടുകള്‍ വോട്ടെണ്ണല്‍ ദിവസം എണ്ണിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ദി വയര്‍ എന്ന മാധ്യമമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. മഹാരാഷ്ട്രയില്‍ ആകെയുള്ള 288 നിയമസഭാ സീറ്റുകളില്‍ എട്ട് മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കുറവായിരുന്നു എണ്ണിയ വോട്ടുകളുടെ എണ്ണം. ബാക്കിയുള്ള 280 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എണ്ണിയിരുന്നു.
പോള്‍ ചെയ്തതിനേക്കാള്‍ 4,538 വോട്ടുകള്‍ കൂടുതല്‍ എണ്ണിയ അഷ്തി മണ്ഡലത്തിലും 4,155 വോട്ടുകളുടെ വ്യത്യാസമുള്ള ഒസ്മാനാബാദ് മണ്ഡലത്തിലുമാണ് ഏറ്റവും പ്രകടമായ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, ദി വയര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പുറത്ത് വിട്ടത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കുകളാണെന്നും അത് കൂട്ടാതെയുള്ള കണക്ക് ആയതിനാലാകും വയറിന് തെറ്റ് പറ്റിയതെന്നും കമ്മീഷന്‍ വിവരിച്ചു.
ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ അന്തരമില്ല. പോസ്റ്റല്‍ ബാലറ്റ് ആണ് അധിക വോട്ടായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തത്. പോസ്റ്റല്‍ ബാലറ്റുകള്‍ ഇവിഎം വോട്ടുകളില്‍ കണക്കുകൂട്ടാറില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.