by webdesk1 on | 27-11-2024 08:03:35 Last Updated by webdesk1
കല്‍പ്പറ്റ: ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച വയനാട് മുന്‍ ജില്ലാ പ്രസിഡന്റ് കെ.പി. മധുവിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് കെ.പി. മധുവുമായി സന്ദീപ് വാര്യര്‍ നിര്‍ണായക ചര്‍ച്ച നടത്തി. സന്ദീപ് വാര്യര്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ആലോചിച്ച് അറിയിക്കാമെന്ന് മറുപടി നല്‍കിയതായും മധു പറഞ്ഞു.
കെ.പി. മധുവിനായി എല്‍.ഡി.എഫും രംഗത്തുണ്ട്. എല്‍.ഡി.എഫ് നേതാക്കളുമായും ചര്‍ച്ച നടക്കുന്നുണ്ടെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ യു.ഡി.എഫുമായോ എല്‍.ഡി.എഫുമായോ സഹകരിക്കുമെന്നും മധു പറഞ്ഞു. പൊതുപ്രവര്‍ത്തനത്ത് തന്നെ തുടരാനാണ് തീരുമാനം. അതിന് യോജിച്ച തീരുമാനമായിരിക്കും എടുക്കുകയെന്നും മധു പറഞ്ഞു.
ബി.ജെ.പിയിലെ ഗ്രൂപ്പ് തല്ല് കേന്ദ്ര നേതൃത്വം ഇടപെട്ട് തല്‍ക്കാലം അവസാനിപ്പിച്ചാലും അത് പൂര്‍ണമായും കെട്ടടങ്ങി എന്ന പറയാനാകില്ല. രാജിവെച്ചശേഷം ബിജെപിയില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ചില പ്രാദേശിക പ്രവര്‍ത്തകര്‍ അവരുടെ വിഷമം പറഞ്ഞിരുന്നുവെന്നും മധു പറഞ്ഞു.
നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കെ.പി. മധു രാജി പ്രഖ്യാപിച്ചത്. ബി.ജെ.പിയില്‍ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്നാണ് മധു ആരോപിച്ചത്. തൃശൂരില്‍ ബി.ജെ.പി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയായത് കൊണ്ടാണ്. എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികള്‍ക്ക് മത്സരിക്കാന്‍ ആവില്ലെന്നും മധു പറഞ്ഞു.