by webdesk1 on | 03-10-2024 08:16:38 Last Updated by webdesk1
തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ ആര്‍.എസ്.എസ് ദേശീയനേതാക്കളുമായി മാത്രമല്ല സംസ്ഥാനത്തെ സംഘപരിവാര്‍ പ്രമുഖനുമായും കൂടിക്കാഴ്ച നടത്തിയെന്ന് വെളിപ്പെടുത്തല്‍. പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരിയുമായാണ് ഓഗസ്റ്റ് നാലിനു കല്പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ നാലുമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റില്‍ എ.ഡി.ജി.പി വയനാട്ടിലുണ്ടായിരുന്നു. തില്ലങ്കേരിയുമായി അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയ വിവരം ഇന്റലിജന്‍സ് തന്നെയാണ് ഡി.ജി.പിക്ക് വിവരം കൈമാറിയത്. കൂടിക്കാഴ്ചയെക്കുറിച്ച് സി.പി.എം സംസ്ഥാന നേതൃത്വത്തിനും വിവരം ലഭിച്ചിരുന്നു. എ.ഡി.ജി.പിയെ കണ്ടതിനെ വത്സന്‍ തില്ലങ്കേരി നിഷേധിച്ചില്ല.
വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ വയനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. തൃശ്ശൂര്‍പ്പൂരം അലങ്കോലമാക്കാന്‍ ശ്രമംനടന്ന ദിവസം തില്ലങ്കേരിയുടെ സാന്നിധ്യം വിവാദമായിരുന്നു. മന്ത്രിമാര്‍ വന്നാല്‍ കരിങ്കൊടി പ്രതിഷേധത്തിന് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ചെത്തിയിരുന്നെന്ന് സി.പി.ഐ നേതാവ് വി.എസ്. സുനില്‍കുമാര്‍ ആരോപിച്ചിരുന്നു. ഇതേദിവസം എ.ഡി.ജി.പി.യും തൃശ്ശൂരിലുണ്ടായിരുന്നു.
പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങള്‍ക്കു പിന്നാലെയാണ് എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തലുണ്ടായത്. അതേത്തുടര്‍ന്നാണ് സി.പി.എം വയനാട് ജില്ലാനേതൃത്വം എ.ഡി.ജി.പി-തില്ലങ്കേരി കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരം എ.കെ.ജി സെന്ററിലേക്കും വിവരം കൈമാറി.