by webdesk1 on | 03-10-2024 09:45:39
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇടതുമുന്നണിയില്‍ നിന്ന് പടിയിറങ്ങിയ പി.വി. അന്‍വര്‍ എം.എല്‍.എയ്ക്ക് ആരൊക്കെ പിന്തുണ നല്‍കുമെന്നാണ് രാഷ്ട്രീയ കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചെങ്കിലും സ്വതന്ത്ര എം.എല്‍.എയായി നിയമസഭയില്‍ സി.പി.എമ്മിന്റെ ഭാഗമായി നില്‍ക്കുന്ന കെ.ടി. ജലീലിന്റെ പിന്തുണ അന്‍വര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അക്കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമായിരിക്കുകയാണ്.
അന്‍വറിനോട് അടുത്ത സൗഹൃദം ഉണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നുവെങ്കില്‍ അതോടൊപ്പം ഉണ്ടാകില്ലെന്നാണ് കെ.ടി. ജലീല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ പൊതുപ്രവര്‍ത്തനം തുടരാനാണ് താല്‍പര്യമെന്നും ജലീല്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി മോഹന്‍ദാസിനും ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന അന്‍വറിന്റെ ആരോപണത്തോട് യോജിപ്പില്ല. പോലീസ് സംവിധാനമാകെ പ്രശ്‌നമാണെന്നും അഭിപ്രായമില്ല. എന്നാല്‍ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് കരുതുന്നത്. ഇടതുപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും സി.പി.എം കാണിച്ച സ്‌നേഹവായ്പിന് എക്കാലത്തും നന്ദി ഉള്ളവനായിരിക്കുമെന്നും ജലീല്‍ പറഞ്ഞു.
അതേസമയം അന്‍വറിനൊപ്പം ഉണ്ടാകുമെന്ന നിലപാടാണ് മുന്‍ സി.പി.എം സ്വതന്ത്ര എം.എല്‍.എ കാരാട്ട് റസാഖ് പ്രകടിപ്പിച്ചത്. അന്‍വറിനൊപ്പം ചേരുമോയെന്ന ചോദ്യത്തിന്, രാഷ്ട്രീയമാണന്നും ഇപ്പോള്‍ അങ്ങനെയൊരു തീരുമാനം പറയാന്‍ കഴിയില്ല എന്നുമാണ് മുന്‍ കൊടുവള്ളി എംഎല്‍എ കൂടിയായ കാരാട്ട് റസാഖ് പറഞ്ഞത്.
നിലവിലെ സാഹചര്യത്തില്‍ അതൊന്നും ആലോചിക്കേണ്ട സമയമായിട്ടില്ല. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. അത് അന്വേഷിക്കേണ്ടതാണ് എന്ന് ബോധ്യപ്പെട്ടതിനാലാണ് അന്‍വറിനൊപ്പം നിന്നത്. താന്‍ അന്‍വറിനെ തള്ളിപ്പറഞ്ഞിട്ടില്ല. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുള്ളതു കൊണ്ടാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. മുസ്ലിം ആയതു കൊണ്ട് സി.പി.എമ്മില്‍ നിന്നു മാറ്റിനിര്‍ത്തിയിട്ടില്ല. നിസ്‌കാരം നടത്തുന്നതു കൊണ്ടും ഒരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.
അതേസമയം താന്‍ രൂപീകരിക്കാന്‍ പോകുന്ന പുതിയ പാര്‍ട്ടിയില്‍ ആള്‍ബലം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് പി.വി. അന്‍വര്‍. പാര്‍ട്ടിയെക്കുറിച്ച് വ്യക്തമായ ചിത്രം മനസ്സിലുണ്ടെന്നും ആള്‍ബലമുള്ള പാര്‍ട്ടിയായി അത് മാറുമെന്നും അന്‍വര്‍ പറഞ്ഞു. സംശയമുള്ളവര്‍ കാത്തിരുന്നു കണ്ടോളൂവെന്നും അന്‍വര്‍ വെല്ലുവിളിച്ചു.