by webdesk1 on | 04-10-2024 06:42:22
തിരുവനന്തപുരം: ഭരണപക്ഷ എം.എല്‍.എ കൂടിയായിരുന്ന പി.വി. അന്‍വര്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരേയും ഉന്നയിച്ച ആരോപണങ്ങള്‍ ചില്ലറ പേരുദോഷമല്ല ഉണ്ടാക്കിയത്. ഉന്നയിച്ച ആരോപണങ്ങളില്‍ ഒരക്ഷരം മിണ്ടിയിട്ടില്ലെങ്കിലും ഇപ്പോഴിതാ അന്‍വറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് പി.ശശി.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നല്‍കിയ പരാതിക്കത്തിലെ ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് വക്കീല്‍ നോട്ടിസില്‍ ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ പോലീസ് കേസ് അടക്കം ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടിസില്‍ പറയുന്നു.
ആരോപണങ്ങള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ബോധപൂര്‍വം സൃഷ്ടിച്ചതാണ്. പൊതുസമ്മേളനങ്ങളിലും വാര്‍ത്താസമ്മേളനങ്ങളിലും ഉന്നയിച്ച ആരോപണങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നല്‍കിയ പരാതിയിലെ ആരോപണങ്ങളും കളവാണ്. അതെല്ലാം ഉടന്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് വക്കീല്‍ നോട്ടീസിലുള്ളത്.