by webdesk1 on | 04-10-2024 08:21:50
കൊച്ചി: പാര്‍ട്ടിയുടെ നയ വ്യതിയാനത്തിലും നേതാക്കളുടെ ഫാസിസ്റ്റ് നിലപാടുകളിലും അതൃപ്തരായ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി.പി.എം വിടുന്നു. എറണാകുളം ജില്ലയിലെ ഉദയംപേരൂരില്‍ അന്‍പതോളം സി.പി.എം പ്രവര്‍ത്തകരാണ് പാര്‍ട്ട് വിട്ടത്. അവര്‍ക്ക് അഭയം നല്‍കുന്നതിനായി കോണ്‍ഗ്രസും മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ 11ന് നടക്കാവില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും.
കുറച്ചു കാലമായി സി.പി.എമ്മില്‍ നിന്ന് അകന്നു നില്‍ക്കുന്ന സി.ഐ.ടി.യു മത്സ്യത്തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം എല്‍. സുരേഷിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത്. വിമത പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയും ഒട്ടേറെ പേര്‍ പാര്‍ട്ടി വിടുകയും ചെയ്ത മേഖല കൂടിയാണ് ഇവിടം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം.സ്വരാജിന്റെ പരാജയത്തിന് ഉദയംപേരൂരില്‍ ലഭിക്കാതെ പോയ പാര്‍ട്ടി വോട്ടുകള്‍ കാരണമായെന്ന് സി.പി.എമ്മിന്റെ അന്വേഷണ കമ്മീഷന്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളും ആമ്പല്ലൂര്‍ ഇലക്ട്രോണിക്‌സ് പാര്‍ക്കിനു സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നാണ് സൂചനകള്‍.
സ്വരാജിന്റെ തോല്‍വിയെ തുടര്‍ന്ന് സുരേഷ് അടക്കമുള്ള ഏരിയാ കമ്മിറ്റി അംഗങ്ങള്‍ നടപടി നേരിട്ടിരുന്നു. പാര്‍ട്ടി വിശദീകരണം തേടിയെങ്കിലും സുരേഷ് ഇതിന് തയാറായില്ല എന്നാണറിയുന്നത്. ഇതിനു പുറമെയാണ് ആമ്പല്ലൂരിലെ നിര്‍ദിഷ്ട ഇലക്ട്രോണിക്‌സ് പാര്‍ക്കിനുള്ള സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും രൂക്ഷമായത്. തുടര്‍ന്ന് 2021ല്‍ പാര്‍ക്ക് ഇവിടെ സ്ഥാപിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു.
ഏതാനും വര്‍ഷങ്ങളായി സി.പി.എമ്മില്‍ നിന്ന് അകന്നു പ്രവര്‍ത്തിക്കുകയാണ് സുരേഷും അനുയായികളും. ഇവരില്‍ വലിയൊരു വിഭാഗത്തിനു സി.പി.ഐയിലേക്ക് പോകാനായിരുന്നു താല്‍പര്യമെങ്കിലും ഒടുവില്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു കാലത്ത് ഉദയംപേരൂരില്‍ വിഎസ് പക്ഷത്തെ പ്രമുഖ നേതാവായിരുന്ന ടി. രഘുവരന്‍ ഇപ്പോള്‍ സിപിഐയില്‍ ഉണ്ട്.