by webdesk1 on | 04-10-2024 08:33:18
ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്നവും അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ഇന്തയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി തുടരുന്നതിനിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പാക്കിസ്ഥാനിലേക്ക്. ഒക്ടോബര്‍ 15, 16 തീയതികളില്‍ ഇസ്ലാമാബാദില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ ജയശങ്കര്‍ നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
2020ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ഷാങ്ഹായ് ഉച്ചകോടിയില്‍ പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് വിദേശകാര്യ പാര്‍ലമെന്ററി സെക്രട്ടറിയാണ് പങ്കെടുത്തത്. എങ്കിലും അന്ന് വിഡിയോ ലിങ്ക് വഴി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പങ്കെടുത്തിരുന്നു. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാകിസ്ഥാന്‍ ക്ഷണിച്ചിരുന്നെങ്കിലും നയതന്ത്ര പ്രശ്‌നം ചൂണ്ടിക്കാട്ടി ഒഴിവാക്കുകയായിരുന്നു. പകരമാണ് ജയശങ്കറിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കുന്നത്. ഇന്ത്യ, ചൈന, റഷ്യ, പാക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.