by webdesk1 on | 07-10-2024 01:44:55 Last Updated by webdesk1
തിരുവനന്തപുരം: അന്‍വര്‍ തുറന്നുവിട്ട ആരോപണങ്ങളുടെ കനലുകള്‍ ഇന്ന് നിയമസഭയ്ക്കുള്ളിലും ആളിക്കത്തി. പ്രതിപക്ഷ നേതാവ് അടക്കം ഭരണപക്ഷത്തിനെതിരെയും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആരോപണങ്ങളുടെയും വിമര്‍ശനങ്ങളുടെയും കുത്തൊഴുക്കലായിരുന്നു. അഴിമതിക്കാരനെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപത്തിന് അതേ നാണയത്തില്‍ മുഖ്യമന്ത്രിയും തരിച്ചടിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേര്‍ക്ക് നേര്‍ പോരാടുന്ന കാഴ്ചയായിരുന്നു നിയമസഭയില്‍ കണ്ടത്.
സമീപകാലത്തൊന്നും കാണാത്ത രീതിയിലായിരുന്നു മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പരസ്പരം പോരടിച്ചത്. അഴിമതിക്കാരനെന്ന് മുഖ്യമന്ത്രിയെ വിളിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളാണെന്നും ജനം എന്താണ് ചിന്തിക്കുന്നതെന്ന് പോലും മുഖ്യമന്ത്രിക്ക് അറിയില്ലെന്നും കുറ്റപ്പെടുത്തി. അഴിമതിക്കെതിരായ പിണറായിയുടെ പരാമര്‍ശം ചെകുത്താന്‍ വേദം ഓതും പോലെയാണെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു.
പിന്നാലെ രൂക്ഷഭാഷയില്‍ പിണറായിയും മറുപടി നല്‍കി. നിങ്ങള്‍ക്ക് നിലവാരമില്ലെന്നും എന്നെ അഴിമതിക്കാരനാക്കാന്‍ നോക്കണ്ടെന്നും ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. സമൂഹത്തിന് മുന്നില്‍ പിണറായി വിജയന്‍ ആരാണ് എന്നും സതീശന്‍ ആരാണ് എന്നും അറിയാം. പിണറായി വിജയന്‍ അഴിമതിക്കാരന്‍ ആണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രിയും മറുപടി നല്‍കി.
ഇതോടെ പ്രതിഷേധിച്ചെത്തിയ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കര്‍ കസേരക്ക് സമീപത്തേക്ക് ചാടിക്കയറി. സ്പീക്കറുടെ ഡയസില്‍ ബാനര്‍ കെട്ടി. ഡയസില്‍ കയറി പ്രതിപക്ഷം പ്രതിഷേധിച്ചു. മാത്യു കുഴല്‍നാടന്‍ അടക്കമുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പിടിച്ച് മാറ്റേണ്ടി വന്നു. പിന്നാലെ ഭരണപക്ഷം മുഖ്യമന്ത്രിക്ക് പിന്നില്‍ അണിനിരന്നു. പ്രതിഷേധം കടുത്തതോടെ ഭരണ നിരയും നടുത്തളത്തില്‍ ഇറങ്ങി.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം നടക്കുന്നതിനിടെ സഭാ ടി.വി. കട്ട് ചെയ്തു. വാക്ക്‌പോര് സഭാ ടിവി സെന്‍സര്‍ ചെയ്തു. പ്രതിഷേധ ദൃശ്യങ്ങള്‍ ഒഴിവാക്കി. ഇതിനെതിരെയും പ്രതിഷേധം ഉണ്ടായി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ച 12 മണിക്ക് നടത്താന്‍ നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും വന്‍ ബഹളമായതോടെ അടിയന്തിര പ്രമേയ ചര്‍ച്ച നടത്താതെ സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിച്ചു വിട്ടു.