by webdesk1 on | 07-10-2024 10:00:09 Last Updated by webdesk1
കൊച്ചി: യുവ താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഗുണ്ടാ നേതാവ് ഓം പ്രകാശിനെ ഹോട്ടല്‍ മുറിയില്‍ കണ്ടത് സംബന്ധിച്ച് ഒട്ടേറെ അഭ്യൂഗങ്ങളും കഥകളുമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഏറെ കാലമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഇരുവരും ഒരു ഗൂണ്ടാ നേതാവിനെ കാണേണ്ടതിന്റെ കാര്യം എന്താണ് എന്ന് സമൂഹം ചോദിക്കുന്നു. എന്നാല്‍ ലഹരി കേസില്‍ ഓം പ്രാകാശ് അറസ്റ്റിലായതോടെ താരങ്ങളിലെ ലഹരി ബന്ധത്തിലേക്കാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴല്‍ നീങ്ങുന്നത്.
സിനിമ മേഖലയിലെ വ്യാപക ലഹരി ഉപയോഗത്തെ കുറിച്ച് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലടക്കം പരാമര്‍ശമുള്ളതിനാല്‍ ഇരുവരും സിനിമ മേഖലയിലേക്കുള്ള ലഹരി ഏജന്റുമാരാണോ എന്നാണ് പല കോണില്‍ നിന്ന് കേള്‍ക്കുന്ന സംശയം. ഇക്കാര്യം പക്ഷെ പോലീസ് സ്ഥിരീകരിക്കുന്നില്ല. ഇരുവരും ഓം പ്രകാശിനെ കണ്ടത് ലഹരി വാങ്ങാനാണോ, ഉപയോഗിക്കാനാണോ മറ്റെന്തെങ്കിലും ആവശ്യത്തിനാണോ എന്ന് പോലീസ് അന്വേഷിച്ചുവരികെയാണ്.
ഒരാളെ കണ്ടു എന്നതുകൊണ്ട് കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ സാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്. ലഹരി ഇടപാടുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നതാണ് പരിശോധിക്കുന്നുണ്ട്. റിപ്പോര്‍ട്ട് വന്നതിനി ശേഷമേ ഇക്കാര്യത്തില്‍ ഏന്തെങ്കിലും തുടര്‍ നടപടി ഉണ്ടാകുകയുള്ളൂ എന്നും പോലീസ് പറയുന്നു.
അതേസമയം ലോകപ്രശസ്ത സംഗീതജ്ഞന്‍ അലന്‍ വോക്കറുടെ ഡിജെ ഷോയ്ക്കായി കൊച്ചിയിലെത്തിയവരെ ലക്ഷ്യമിട്ടുള്ള ലഹരി മരുന്ന് വില്‍പ്പനയായിരുന്നു ഓംപ്രകാശിന്റെയും കൂട്ടരുടേയും പദ്ധതിയെന്ന നിഗമനത്തില്‍ പോലീസ്. ആറായിരത്തോളം പേരാണ് ബോള്‍ഗാട്ടിയിലെ ഗ്രൗണ്ടില്‍ അലന്‍ വോക്കറെ കേള്‍ക്കാനായി ഞായറാഴ്ച തടിച്ചുകൂടിയത്. ഇവരെ മുഴുവന്‍ പ്രത്യേക പരിശോധനയിലൂടെയാണ് അകത്തേക്ക് കടത്തിവിട്ടത്. പൊലീസിന്റെയും എക്‌സൈസിന്റെയും വലിയ സാന്നിധ്യവും ഇവിടെയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഗ്രൗണ്ടില്‍ കാര്യമായ ലഹരി ഇടപട് നടന്നിട്ടില്ല എന്നാണ് പറയപ്പെടുന്നത്.
സംഗീത ഷോയുടെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഗീതനിശയ്ക്കായി കൊച്ചിയിലെത്തിയവരെ ലക്ഷ്യമിട്ട് ദിവസങ്ങളായി ലഹരി മരുന്ന് ഇടപാട് നടന്നിരിക്കാം എന്ന സംശയം പോലീസിനുണ്ട്. ഓംപ്രകാശ് കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ നടക്കുന്നുവെന്നും ഡാന്‍സാഫ് സംഘത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ താമസിച്ചിരുന്ന ആഡംബര ഹോട്ടലില്‍ പോലീസ് എത്തിയത്. പക്ഷേ കൊക്കെയിന്‍ സൂക്ഷിച്ചിരുന്ന ഒരു കവറും 8 ലിറ്റര്‍ മദ്യവും മാത്രമേ പോലീസിനു ലഭിച്ചുള്ളൂ. ഇതില്‍ 2 മദ്യക്കുപ്പികള്‍ പൊട്ടിച്ച നിലയിലായിരുന്നു.
തങ്ങള്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ വിതരണം ചെയ്യാന്‍ എത്തിച്ചതാണ് കൊക്കെയ്ന്‍ എന്ന് ഓംപ്രകാശിനൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ഷിഹാസ് സമ്മതിച്ചെന്നാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പിടിച്ചെടുത്ത കവറും അതിലെ പൊടിയുടെ അവശിഷ്ടങ്ങളും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരുന്നതിന് അനുസരിച്ചാകും ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങിയവരില്‍ നിന്ന് മൊഴിയെടുക്കുക.
ശ്രീനാഥ് ഭാസിയും പ്രയാഗയും ശനിയാഴ്ച രാത്രി ഹോട്ടിലിലെ മുറിയിലെത്തി ഓംപ്രകാശിനെ കണ്ടു എന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും പുറമെ 20ഓളം പേര്‍ ഓംപ്രകാശിനെ കാണാനെത്തിയിരുന്നു. ഇവരില്‍ നിന്നെല്ലാം മൊഴിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വ്യവസായി പോള്‍ മുത്തൂറ്റ് കൊല്ലപ്പെട്ടതടക്കം മുപ്പതോളം കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് ഏതാനും ദിവസം മുമ്പ് ഇയാള്‍ കൊച്ചിയില്‍ എത്തിയത് എന്നാണ് പോലീസ് കരുതുന്നത്. ലഹരിമരുന്ന് സംഘങ്ങളെ പിടികൂടുന്ന ഡന്‍സാഫ് സംഘത്തിനാണ് ഓംപ്രകാശുമായി ബന്ധപ്പെട്ടു ലഹരി ഇടപാടുകള്‍ നടക്കുന്നു എന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഞായറാഴ്ച പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.