News India

ഹരിയാനയില്‍ കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് ബി.ജെ.പി; കാശ്മീരില്‍ കരുത്ത്കാട്ടി ഇന്ത്യ സഖ്യം: അവിസ്മരണീയമായിരുന്നു ബി.ജെ.പിയുടെ തിരിച്ചുവരവ്

Axenews | ഹരിയാനയില്‍ കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് ബി.ജെ.പി; കാശ്മീരില്‍ കരുത്ത്കാട്ടി ഇന്ത്യ സഖ്യം: അവിസ്മരണീയമായിരുന്നു ബി.ജെ.പിയുടെ തിരിച്ചുവരവ്

by webdesk1 on | 08-10-2024 02:28:32 Last Updated by webdesk1

Share: Share on WhatsApp Visits: 32


ഹരിയാനയില്‍ കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് ബി.ജെ.പി; കാശ്മീരില്‍ കരുത്ത്കാട്ടി ഇന്ത്യ സഖ്യം: അവിസ്മരണീയമായിരുന്നു ബി.ജെ.പിയുടെ തിരിച്ചുവരവ്

ന്യൂഡല്‍ഹി: ആദ്യാവസാനം അട്ടിമറികളും നാടകീയതകളും നിറഞ്ഞ ഹരിയാന, ജമ്മു കാശ്മീര്‍ വിധിയെഴുത്തില്‍ ബി.ജെ.പിയുടെ ഉജ്ജ്വല തിരിച്ചുവരവ്. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് കത്തികയറി വിജയം ഉറപ്പിച്ചിടത്ത് നിന്നായിരുന്നു ബി.ജെ.പിയുടെ അവിസ്മരണീയമായ തിരിച്ചുവരവ്. ജമ്മു കാശ്മീരില്‍ ഇന്ത്യാ സഖ്യം കരുത്ത് കാട്ടിയെങ്കിലും അവസാന ഫലത്തില്‍ രണ്ടിടത്തും കോണ്‍ഗ്രസിന് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല.

10 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബി.ജെ.പി എക്സിറ്റ് പോളുകളുടെ പ്രവചനങ്ങളെ പോലും കാറ്റില്‍ പറത്തിയാണ് ഭരണവിരുദ്ധ വികാരത്തെ അതിജീവിച്ച് മിന്നും വിജയം നേടിയത്. കഴിഞ്ഞ തവണ 40 സീറ്റുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ കേവല ഭൂരിപക്ഷത്തിന് വേണ്ട 46 സീറ്റിനുമപ്പുറം 48 സീറ്റിലാണ് കോണ്‍ഗ്രസിനെ മലത്തിയടിച്ചത്.

2014 വരെ ഐ.എന്‍.എല്‍.ഡിയുടെ ബി ടീമായി നാല് സീറ്റില്‍ നിന്ന് ബി.ജെ.പി മോദി തരംഗത്തില്‍ അധികാരം പിടിച്ചത് 47 സീറ്റുമായിട്ടാണ്. കഴിഞ്ഞ തവണ ജെജെപിയുടെ പിന്തുണ വേണ്ടിവന്നെങ്കിലും അധികാരം നിലനിര്‍ത്തി. കോണ്‍ഗ്രസാകട്ടെ അനുകൂല സാഹചര്യം ഏറെയുണ്ടായിട്ടും അതൊന്നും വോട്ടാക്കി മാറ്റാന്‍ കഴിയാതെ വീണ്ടും പ്രതിപക്ഷത്ത് ഇരിക്കും.

സര്‍ക്കാരിനെതിരെ വന്‍ ജനരോഷമുണ്ടെന്ന കോണ്‍ഗ്രസ് കണക്കുകൂട്ടലുകള്‍ പിഴച്ചു. മുതിര്‍ന്ന നേതാവായ ഭുപീന്ദര്‍ സിങ് ഹൂഡയുടെ അപ്രമാദിത്വത്തിന് കൈകൊടുത്ത ഹൈക്കമാന്‍ഡിനും കൈപൊള്ളി. ദളിത് നേതാവായ ഷെല്‍ജ കുമാരിയുടെ അപ്രീതിയും തിരിച്ചടിച്ചു. വോട്ടെടുപ്പിന്റെ തലേന്ന് ബിജെപിയില്‍ നിന്ന് ദളിത് നേതാവായ അശോക് തന്‍വറെ അടര്‍ത്തിയെടുത്ത് കോണ്‍ഗ്രസില്‍ എത്തിച്ചെങ്കിലും ദളിത് വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ആയില്ല.

പതിറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക്. ഒമര്‍ അബ്ദുള്ള തന്നെ മുഖ്യമന്ത്രിയായേക്കും. മത്സരിച്ച രണ്ടിടത്തും ഒമര്‍ മുന്നിലാണ്. ബിജെപിയുടെ ലീഡ് ജമ്മു മേഖലയില്‍ മാത്രമായി ചുരുങ്ങി. മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പി മൂന്ന് സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്വതന്ത്രരുമായി കൂടിക്കാഴ്ചകള്‍ ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. 10 സീറ്റുകളില്‍ സ്വതന്ത്രര്‍ ലീഡ് ചെയ്യുന്നതു മുന്നില്‍ക്കണ്ടാണു നീക്കം. തൂക്കുസഭ അധികാരത്തിലെത്തിയാല്‍ സ്വതന്ത്രന്മാരുടെ നിലപാടു നിര്‍ണായകമാകും. ഇതു മുന്‍കൂട്ടി കണ്ടാണ് ബി.ജെ.പി വലവീശും മുന്നേ കോണ്‍ഗ്രസിന്റെ ക്യാംപ് അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തുന്നത്.

നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണറുടെ അധികാരം വോട്ടെണ്ണലിനു മുന്നോടിയായി വന്‍ തര്‍ക്കത്തിനു കാരണമായിരുന്നു. ജനഹിതത്തെ അട്ടിമറിച്ചു നേട്ടമുണ്ടാക്കാനാണ് ബിജെപി നീക്കമെന്നാണ് നാഷനല്‍ കോണ്‍ഫറന്‍സ് (എന്‍സി) അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചത്. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയ്ക്കു പ്രത്യേക അധികാരം നല്‍കിയത് ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിനു സഹായിക്കാനാണെന്നാണ് പ്രധാന വിമര്‍ശനം.

ലഫ്. ഗവര്‍ണറുടെ നീക്കത്തെ ശക്തമായി എതിര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ നാമനിര്‍ദേശം നടന്നാല്‍ സുപ്രീം കോടതിയെ സമീപിക്കും. അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പിനുശേഷം നിയമയുദ്ധത്തില്‍ കുരുങ്ങും ജമ്മു കശ്മീര്‍ ജനവിധി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. രണ്ടു സ്ത്രീകള്‍, രണ്ടു കശ്മീരി പണ്ഡിറ്റുകള്‍, പാക്ക് അധീന കശ്മീരില്‍നിന്ന് നാടുകടത്തപ്പെട്ട ഒരാള്‍ എന്നിങ്ങനെയാണ് ലഫ്. ഗവര്‍ണര്‍ക്ക് നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കുക. ജമ്മു മേഖലയില്‍ 43 സീറ്റുകളും കശ്മീര്‍ മേഖലയില്‍ 47 സീറ്റുകളും ഉള്‍പ്പെടെ ആകെ 90 സീറ്റുകളാണ് ജമ്മു കശ്മീരില്‍ ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്.

Share:

Search

Popular News
Top Trending

Leave a Comment