by webdesk1 on | 08-10-2024 11:00:14 Last Updated by webdesk1
തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പോര് വീണ്ടും മുറുകുന്നു. മലപ്പുറം വിവാദത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചതിനെ ചൊല്ലിയാണ് രണ്ട് അധികാര കേന്ദ്രങ്ങള്‍ തമ്മില്‍ വീണ്ടും പോര് മുറുകിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നൊക്കെ പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നിട്ടുണ്ടോ അപ്പോഴൊക്കെ ഗവര്‍ണറുമായി പോര് സൃഷ്ടിച്ച് ആരോപണങ്ങളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ചു വിടുന്ന രീതിയാണ് കുറേക്കാലമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് എന്നാണ് വ്യാഖ്യാനിക്കുന്നത്.
ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ചതില്‍ ചട്ടലംഘനം ഉണ്ടെന്നും അതിനാല്‍ ഉദ്യോഗസ്ഥരെ അയയ്ക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നല്‍കിയ കത്തിന് ഇപ്പോള്‍ ഗവര്‍ണര്‍ അതേ ഭാഷയില്‍ തിരിച്ചടിച്ചിരിക്കുകയാണ്. താന്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും മുഖ്യമന്ത്രി എന്തോ ഒളിക്കുന്നു എന്നുമാണ് ഗവര്‍ണര്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്.
സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചു വെക്കാന്‍ ആകില്ലെന്നും ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും കത്തില്‍ വ്യക്തമാക്കി. ഒപ്പം താന്‍ ചോദിച്ച കാര്യങ്ങള്‍ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായും ഭരണഘടനാ ബാധ്യത നിറവേറ്റതായും കണക്കാക്കുമെന്നും ഗവര്‍ണര്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശ വിവാദം രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നായിരുന്നു ഗവര്‍ണറുടെ അവശ്യം. നാല് മണിക്ക് രാജ്ഭവനിലെത്താന്‍ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നിര്‍ദ്ദേശം നല്‍കി. സ്വര്‍ണ്ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നത് അടക്കം ദ ഹിന്ദുവില്‍ വന്ന അഭിമുഖത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറുടെ നടപടി.
ദേശവിരുദ്ധ പ്രവര്‍ത്തനം എന്താണെന്നും ദേശ വിരുദ്ധര്‍ ആരാണെന്നും അറിയിക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള വിശദീകരണം കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥരെ ഗവര്‍ണര്‍ വിളിപ്പിക്കുന്നത് ഏത് ചട്ടപ്രകാരമെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. ഉദ്യോഗസ്ഥര്‍ പോകേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു.