by webdesk1 on | 08-10-2024 11:39:28
ചണ്ഡിഗഡ്: ഹരിയാനയില്‍ ശക്തമായ തിരിച്ചുവരവോടെ ബി.ജെ.പി അട്ടിമറി വിജയം നേടിയെങ്കിലും എട്ട് മന്ത്രിമാരുടെ തോല്‍വി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് മന്ത്രിമാരുടെ തോല്‍വിയെ ഇതിനോടകം രാഷ്ട്രീയ ആയുധമാക്കി മാറ്റി. വീണ്ടും അധികാരം പിടിക്കാനായെങ്കിലും പ്രമുഖ നേതാക്കളുടെ തോല്‍വി സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്.
നായബ് സിങ് സൈനി മന്ത്രിസഭയിലെ എട്ടംഗങ്ങളും കൂടാതെ നിയമസഭാ സ്പീക്കറും ജനവിധിയില്‍ പരാജയം രുചിച്ചു. സംസ്ഥാനത്തെ വൈദ്യുതി വകുപ്പ് മന്ത്രിയുമായ രഞ്ജിത് സിങ്, റാണിയ സീറ്റില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2014 മുതല്‍ 19 വരെ സ്പീക്കറും ഈ മന്ത്രിസഭയില്‍ വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മന്ത്രിയുമായ കന്‍വര്‍പാല്‍ ഗുജ്ജര്‍, ജഗധ്രി മണ്ഡലത്തില്‍ തോല്‍വി രുചിച്ചു. കോണ്‍ഗ്രസിന്റെ അക്രം ഖാന്‍ ഏഴായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കന്‍വര്‍പാലിനെ തറപറ്റിച്ചത്.
സുഭാഷ് സുധ (താനേശ്വര്‍ മണ്ഡലം), ജയപ്രകാശ് ദലാല്‍ (ലോഹരു), അഭേസിങ് യാദവ് (നംഗല്‍), സഞ്ജയ് സിങ് (നൂഹ്), കമല്‍ ഗുപ്ത (ഹിസാര്‍), അസീം ഗോയല്‍ (അംബാല സിറ്റി) എന്നിവരാണ് തോല്‍വി ഏറ്റുവാങ്ങിയ മറ്റു മന്ത്രിമാര്‍. ഇതില്‍ സഞ്ജയ് സിങ്ങും കമാല്‍ ഗുപ്തയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2014ലും 19ലും പഞ്ച്കുലയില്‍നിന്ന് ജയിച്ച സ്പീക്കര്‍ ജിയാന്‍ ചന്ദ് ഗുപ്ത ഇത്തവണ കോണ്‍ഗ്രസിന്റെ ചന്ദ്രമോഹനു മുന്നില്‍ വീണു.
തെരഞ്ഞെടുപ്പില്‍ 90ല്‍ 48 സീറ്റുകളില്‍ ജയം പിടിച്ചാണ് ഹരിയാനയില്‍ വീണ്ടും ബി.ജെ.പി അധികാരം പിടിച്ചത്. തുടക്കത്തില്‍ ട്രെന്‍ഡ് കോണ്‍ഗ്രസിന് അനുകൂലമായിരുന്നെങ്കിലും അവസാന റൗണ്ടുകളില്‍ ബി.ജെ.പി മുന്നേറുകയായിരുന്നു. 37 സീറ്റുകളിലാണ് കോണ്‍ഗ്രസിന് വിജയം.