by webdesk1 on | 09-10-2024 08:27:27
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം തേടിയുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത് സംസ്ഥാന സര്‍ക്കാര്‍ ചട്ട ലംഘനം കാട്ടി അവഗണിച്ച സാഹചര്യത്തില്‍ വിഷയം കേന്ദ്രതലത്തില്‍ കൊണ്ടുവരാന്‍ നീക്കം ആരംഭിച്ച് ഗവര്‍ണര്‍. വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് ഔദ്യോഗികമായി കൊണ്ടുവരുന്നതിന്റെ ഭാഗമായി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഗവര്‍ണര്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും ഗവര്‍ണര്‍ വിളിപ്പിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഇത് തടയുകയായിരുന്നു. ചട്ടപ്രകാരം ഗവര്‍ണറെ കാണാന്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ പോകേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ച് തനിക്ക് ഇവരെ വിളിച്ചുവരുത്താന്‍ അധികാരമുണ്ടെന്ന് ഗവര്‍ണറും വാദിച്ചു.
അതേസമയം വിഷയത്തില്‍ ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ച ഗവര്‍ണര്‍ മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുവെന്ന് കത്തില്‍ പറഞ്ഞിരുന്നു. സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചുവയ്ക്കാന്‍ ആകില്ലെന്നും രാഷ്ട്രപതിയെ അറിയിക്കാന്‍ വേണ്ടിയാണ് വിശദീകരണം ആവശ്യപ്പെട്ടതെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ചോദിച്ച കാര്യങ്ങള്‍ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായും ഭരണഘടനാ ബാധ്യത നിറവേറ്റാത്തതായും കണക്കാക്കുമെന്നും ഗവര്‍ണര്‍ കത്തില്‍ പറഞ്ഞിരുന്നു.
ഗവര്‍ണര്‍ നല്‍കുന്ന കത്തിന് ഇത്തവണ മറുപടി നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ദേശവിരുദ്ധ പ്രവര്‍ത്തനം എന്താണെന്നും ദേശ വിരുദ്ധര്‍ ആരാണെന്നും അറിയിക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള വിശദീകരണം കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്.